Breaking News

Trending right now:
Description
 
May 31, 2018

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്‌: സജി ചെറിയാന്‌ റെക്കോഡ്‌ വിജയം

image ചെങ്ങന്നൂര്‍ ഉപതരിഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി സജി ചെറിയാന്‌ റെക്കോഡ്‌ വിജയം. ചെങ്ങന്നൂരിന്റെ തിരഞ്ഞെടുപ്പ്‌ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ്‌ ഉപതിരഞ്ഞെടുപ്പില്‍ സജി ചെറിയാന്‍ നേടിയത്‌. 20,956 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. 1987ലെ തിരഞ്ഞെടുപ്പില്‍ മാമന്‍ ഐപ്പ്‌ നേടിയ 15,703 എന്ന ഭൂരിപക്ഷമായിരുന്നു ഇതുവരെയുള്ള ചെങ്ങന്നൂരിലെ റെക്കോഡ്‌. 67,303 വോട്ടുകളാണ്‌ സജി ചെറിയാന്‍ സ്വന്തമാക്കിയത്‌. രണ്ടാംസ്ഥാനത്ത്‌ എത്തിയ യുഡിഎഫിലെ ഡി.വിജയകുമാറിന്‌ 46,347 വോട്ടുകള്‍ ലഭിച്ചു. മൂന്നാംസ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ട എന്‍ഡിഎ സ്ഥാനാര്‍ഥി പി.എസ്‌.ശ്രീധരന്‍പിള്ള ഏറെ പിന്നിലായി. 35,270 വോട്ടുകള്‍ ലഭിച്ചു. നോട്ടയ്‌ക്ക്‌ ലഭിച്ചത്‌ 728 വോട്ടുകള്‍. ഭൂരിപക്ഷം ബൂത്തുകളിലും ഇടതുസ്ഥാനാര്‍ഥിക്കായിരുന്നു മുന്നേറ്റം. ഒരുഘട്ടത്തില്‍പോലും യുഡിഎഫ്‌ സ്ഥാനാര്‍ഥിക്ക്‌ ലീഡ്‌ നേടാന്‍ കഴിഞ്ഞില്ല. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ലഭിച്ച പിന്തുണകൂടിയാണ്‌ ചെങ്ങന്നൂരിലെ ഈ വിജയമെന്നു സജി ചെറിയാന്‍ പ്രതികരിച്ചു. ഇടതുപക്ഷത്തിന്റെ അഭൂതപൂര്‍വമായ മുന്നേറ്റത്തിന്റെ തുടക്കമാണ്‌ ചെങ്ങന്നൂരില്‍ ഉണ്ടായിരിക്കുന്നത്‌. ബിജെപിയിലെയും യുഡിഎഫിലും സാധാരണ പ്രവര്‍ത്തകരുടെ വോട്ട്‌ തനിക്കു ലഭിച്ചു. ചെങ്ങന്നൂരിന്റെ വികസനത്തിന്‌ ഇടതുസര്‍ക്കാരിന്‌ പിന്തുണ നല്‍കാന്‍ കഴിയുമെന്ന്‌ ജനങ്ങള്‍ക്ക്‌ മനസിലായതിനാലാണ്‌ തനിക്ക്‌ വോട്ട്‌ ചെയ്‌തതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നു പ്രതീക്ഷിക്കപ്പെട്ട ഉപതിരഞ്ഞെടുപ്പായിരുന്നു ചെങ്ങന്നൂരിലേത്‌. എല്ലാ മണ്ഡലങ്ങളിലും വ്യക്തമായ മേല്‍ക്കോയ്‌മ നേടിയെടുക്കാന്‍ സജി ചെറിയാന്‌ കഴിഞ്ഞു. യുഡിഎഫ്‌ ഭരണം നടത്തുന്ന പഞ്ചായത്തുകള്‍പോലും കടപുഴകി. യുഡിഎഫ്‌ പശ്ചാത്തലമുള്ള മാന്നാറും പാണ്ടനാടും എല്‍ഡിഎഫിനൊപ്പം നിന്നു.