Breaking News

Trending right now:
Description
 
May 31, 2018

തോമസ്‌ ആന്റണിക്ക്‌ വേള്‍ഡ്‌ പ്രസ്‌ കാര്‍ട്ടൂണ്‍ അവാര്‍ഡ്‌

image പോര്‍ച്ചുഗല്‍ ആസ്ഥാനമായുള്ള വേള്‍ഡ്‌ പ്രസ്‌ കാര്‍ട്ടൂണ്‍ (ഡബ്ല്യുപിസി) അവാര്‍ഡ്‌ മെട്രോവാര്‍ത്ത എക്‌സിക്യുട്ടീവ്‌ ആര്‍ട്ടിസ്‌റ്റും കോട്ടയം സ്വദേശിയുമായ തോമസ്‌ ആന്റണിക്ക്‌. 2018ലെ പത്രവാര്‍ത്തകളില്‍നിന്നും തിരഞ്ഞെടുത്ത കാരിക്കേച്ചര്‍ വിഭാഗത്തിലാണ്‌ അവാര്‍ഡ്‌ ലഭിച്ചത്‌. 54 രാജ്യങ്ങളില്‍നിന്നായി 227 പ്രസിദ്ധീകരണങ്ങളില്‍നിന്നും 300ല്‍പരം രചനകളാണ്‌ അവാര്‍ഡിന്‌ പരിഗണിക്കപ്പെട്ടത്‌. ഏഷ്യയില്‍നിന്നു അവാര്‍ഡിന്‌ അര്‍ഹനായത്‌ തോമസ്‌ ആന്റണി മാത്രമാണ്‌. 2007ലെ യു.എന്‍ പൊളിറ്റിക്കല്‍ കാര്‍ട്ടൂണ്‍ അവാര്‍ഡും നേടിയിട്ടുണ്ട്‌. ജൂണ്‍ രണ്ടിന്‌ പോര്‍ച്ചുഗലില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. റോബര്‍ട്ട്‌ റൂസോ (ഫ്രാന്‍സ്‌), ആന്റോണിയോ (പോര്‍ച്ചുഗല്‍), റെയ്‌മാസുപ്രാണി (വെനിസ്വെല), മൈക്കിള്‍ കൗഡോറിസ്‌ (ഗ്രീസ്‌), സാദ്‌ ഹോജോ (സിറിയ) എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. അമ്പതോളം അന്തര്‍ദേശിയ കാര്‍ട്ടൂണ്‍ എക്‌സിബിഷനുകളില്‍ തോമസ്‌ ആന്റണി പങ്കെടുത്തിട്ടുണ്ട്‌. കേരള ലളിതകലാ അക്കാദമി എക്‌സിക്യുട്ടീവ്‌ അംഗം, കേരള ചിത്രകലാ പരിഷത്ത്‌ ജനറല്‍ സെക്രട്ടറി, കോട്ടയം പ്രസ്‌ക്ലബ്‌ സെക്രട്ടറി എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.