Breaking News

Trending right now:
Description
 
May 30, 2018

കെവിനെ നാട്‌ യാത്രയാക്കി; കെവിന്റെ ഷര്‍ട്ടുമായി നീനു

image പ്രണയവിവാഹത്തിന്റെ പേരില്‍ കൊല്ലപ്പെട്ട കോട്ടയം നട്ടാശേരി എസ്‌എച്ച്‌ മൗണ്ട്‌ പ്ലാത്തറ കെവിന്‍ പി.ജോസഫിന്‌ (23) നാട്‌ യാത്രാമൊഴിനല്‍കി. വന്‍ ജനാവലിയാണ്‌ അന്തിമോപചാരം അര്‍പ്പിക്കാന്‍ പ്ലാത്തറ വീട്ടിലെത്തിയത്‌. മൃതദേഹം വിലാപയാത്രയായി ഇടവക പള്ളിയായ എസ്‌എച്ച്‌ മൗണ്ട്‌ കുന്നുംഭാഗം മൗണ്ട്‌ കാര്‍മല്‍ പള്ളിയില്‍ എത്തിച്ചു. വിജയപുരം രൂപതാധ്യക്ഷന്‍ ബിഷപ്‌ ഡോ.സെബാസ്‌റ്റിയന്‍ തെക്കത്തെച്ചേരില്‍, പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ്‌ മുരിക്കന്‍ എന്നിവര്‍ ശുശ്രൂഷകള്‍ക്ക്‌ മുഖ്യകാര്‍മികത്വം വഹിച്ചു. കോട്ടയം നല്ലയിടയന്‍ പള്ളിയോട്‌ ചേര്‍ന്നുള്ള സെമിത്തേരിയിലാണ്‌ സംസ്‌കാരം നടത്തിയത്‌. മൃതദേഹം മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ പോസ്‌റ്റുമോര്‍ട്ടം നടത്തി വീട്ടില്‍ എത്തിച്ചപ്പോള്‍ മുതല്‍ കെവിന്റെ പുതിയ ഷര്‍ട്ടും നെഞ്ചോടുചേര്‍ത്തു വിതുമ്പുകയായിരുന്നു ഭാര്യ നീനു. സംസ്‌കാരചടങ്ങുകള്‍ക്കായി പള്ളിയില്‍ എത്തിയപ്പോഴും നീനു ഷര്‍ട്ടില്‍നിന്നു പിടിവിട്ടിരുന്നില്ല. വിവാഹവുമായി ബന്ധപ്പെട്ട്‌ വാങ്ങിയ ഷര്‍ട്ട്‌ കെവിന്‍ ധരിച്ചിരുന്നില്ല. വിതുമ്പലോടെ മൃതദേഹത്തിനരുകില്‍ ഇരുന്നിരുന്ന ഇരുപതുകാരിയായ നീനുവിനെ ആശ്വസിപ്പിക്കാനാകാതെ വീട്ടുകാരും ബന്ധുക്കളും ഉള്‍പ്പെടെയുള്ളവര്‍ വിങ്ങിപ്പൊട്ടി. ഇനി തന്റെ സ്വന്തം വീട്ടിലേക്കില്ലെന്നും കെവിന്റെ ഭാര്യയായി നട്ടാശേരിയിലെ വീട്ടില്‍ താമസിക്കാനാണ്‌ തീരുമാനിച്ചതെന്നും നീനു കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ ഇന്നലെ കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍ നടത്തി.