Breaking News

Trending right now:
Description
 
May 30, 2018

കെവിനെ തട്ടിക്കൊണ്ടുപോയത്‌ പൊലീസ്‌ അറിവോടെ

image കെവിന്റെ കൊലപാതകത്തില്‍ കോട്ടയം ഗാന്ധിനഗര്‍ പൊലീസ്‌ സ്റ്റേഷനിലെ പൊലീസ്‌ ഉദ്യോഗസ്ഥരുടെ പങ്ക്‌ വെളിപ്പെടുത്തുന്ന അന്വേഷണ റിപ്പോര്‍ട്ട്‌ പുറത്ത്‌. കൊച്ചി റേഞ്ച്‌ ഐജി വിജയ്‌ സാഖറേയാണ്‌ റിപ്പോര്‍ട്ട്‌ തയാറാക്കിയത്‌. റിപ്പോര്‍ട്ട്‌ ഡിജിപിക്ക്‌ കൈമാറി. ഇതിന്മേല്‍ നടപടിക്കു ഉടന്‍ ശുപാര്‍ശ ചെയ്യുമെന്നാണ്‌ വിവരം. അന്വേഷണം അട്ടിമറിച്ചത്‌ ഗാന്ധിനഗര്‍ എഎസ്‌ഐ ബിജുവാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌. തട്ടിക്കൊണ്ടുപോകല്‍ മറച്ചുവച്ചത്‌ ബിജുവാണ്‌. കെവിനെ തട്ടിക്കൊണ്ടുപോയ ഉടനെ പൊലീസ്‌ സംഭവം അറിഞ്ഞിരുന്നു. ബിജു പ്രതികളുമായി രണ്ടുതവണ ഫോണില്‍ സംസാരിച്ചു.ആദ്യതവണ വിളിച്ചപ്പോള്‍ കെവിന്‍ രക്ഷപ്പെട്ടതായി തട്ടിക്കൊണ്ടുപോകലിനു നേതൃത്വം നല്‍കിയ സാനു ചാക്കോ പറഞ്ഞു. ഞായറാഴ്‌ച പുലര്‍ച്ചെ എഎസ്‌ഐ ബിജു മാന്നാനത്ത്‌ എത്തി. എങ്കിലും ഉന്നത ഉദ്യോഗസ്ഥനെ വിവരം അറിയിച്ചില്ല. എസ്‌ഐ ഷിബു വിവരം അറിയുന്നത്‌ ഞായറാഴ്‌ച രാവിലെ ഒമ്പതിനാണ്‌. എന്നാല്‍ അദ്ദേഹം സംഭവം ഗൗരവമായി എടുക്കാതെ കുടുംബപ്രശ്‌നമായി മാറ്റിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. സാനു ചാക്കോയും പൊലീസുകാരും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണവും പുറത്തുവന്നു. പൊലീസില്‍നിന്നു പ്രതികള്‍ക്ക്‌ സഹായം ലഭിച്ചുവെന്നു വ്യക്തമായ തെളിവുനല്‍കുന്ന സംഭാഷണമാണിത്‌. സഹോദരി നീനുവിനെ ഏതുവിധേനയും ഞങ്ങള്‍ക്കു വേണമെന്നും കെവിനൊപ്പം തട്ടിക്കൊണ്ടുപോയ ബന്ധു അനീഷിനെ എത്തിച്ചുതരാമെന്നും പറയുന്നുണ്ട്‌. ഇതിനൊപ്പം തങ്ങള്‍ വരുത്തിയ നഷ്ടപരിഹാരം നല്‍കാന്‍ തയാറാണെന്നും പറയുന്നു. തനിക്കൊരു കുടുംബമുണ്ടെന്നും വിവാഹം കഴിഞ്ഞിട്ട്‌ ആറുമാസമേ ആയുള്ളൂവെന്നും സാനു പറയുന്നുണ്ട്‌. കെവിന്‍ ഇവരുടെ കൈയില്‍നിന്നു ചാടിപ്പോയതായും സാനു പൊലീസിനെ അറിയിച്ചിരുന്നു.