Breaking News

Trending right now:
Description
 
May 29, 2018

നിയാസിനെയും ഇഷാനെയും ഡിവൈഎഫ്‌ഐ പുറത്താക്കി; സിപിഎമ്മിനു പങ്കില്ലെന്ന്‌ വാസവന്‍

image കെവിന്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ നിയാസിനെയും ഇഷാനെയും സംഘടനയില്‍നിന്നു പുറത്താക്കിയതായി സംസ്ഥാന സെക്രട്ടറിയേറ്റ്‌ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. ബന്ധുക്കളും സുഹൃത്തുക്കളും അടക്കുന്ന സംഘം നടത്തിയ കുറ്റകൃത്യത്തില്‍ ആരോപണം ഉയര്‍ത്തുന്നത്‌ ഡിവൈഎഫ്‌ഐ വിരോധംകൊണ്ടാണ്‌. നീനുവിന്റെ ഉമ്മയുടെ സഹോദരന്‍ നാസുറുദ്ദീന്റെ മകനാണ്‌ നിയാസ്‌. ഇഷാനും ബന്ധുവാണെന്ന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃത്വം വ്യക്തമാക്കി. അതേസമയം, കൊലപാതകത്തില്‍ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കു പങ്കില്ലെന്നു സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍.വാസവന്‍ പ്രതികരിച്ചു. കേസ്‌ കൈകാര്യം ചെയ്യുന്നതില്‍ പൊലീസിന്‌ വീഴ്‌ച ഉണ്ടായിട്ടുണ്ട്‌. കുറ്റക്കാര്‍ക്കെതിരെ ഉടനടി നടപടിയെടുത്തത്‌ സര്‍ക്കാരിന്റെ ഇത്തരം കാര്യങ്ങളിലുള്ള ജാഗ്രതയാണ്‌ സൂചിപ്പിക്കുന്നത്‌. കെവിന്റെ കുടുംബത്തിനു നീതി ലഭിക്കുംവരെ സിപിഎം കൂടെയുണ്ടാകുമെന്നും വാസവന്‍ പറഞ്ഞു. സംഭവത്തില്‍ ഡിജിപി, കലക്ടര്‍, എസ്‌പി എന്നിവരോട്‌ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വിശദീകരണം തേടി. ഏഴുദിവസത്തിനകം റിപ്പോര്‍ട്ട്‌ നല്‍കണമെന്നും ഇവരോട്‌ നിര്‍ദേശിച്ചു. സംഭവത്തില്‍ ഒരാഴ്‌ചയ്‌ക്കുള്ളില്‍ റിപ്പോര്‍ട്ടു നല്‍കാന്‍ ഡിജിപിയോട്‌ സംസ്ഥാന യുവജന കമ്മിഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്‌.