Breaking News

Trending right now:
Description
 
May 29, 2018

കെവിന്റെ കൊലപാതകം: ഡിവൈഎഫ്‌ഐ നേതാവ്‌ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

image പ്രണയവിവാഹത്തിന്റെ പേരില്‍ വധുവിന്റെ സഹോദരനും സംഘവും തട്ടിക്കൊണ്ടുപോയ കോട്ടയം എസ്‌എച്ച്‌ മൗണ്ട്‌ പിലാത്തറ കെവിന്‍ പി.ജോസഫ്‌ (23) ക്രൂരമായ മര്‍ദ്ദനമേറ്റശേഷമാണ്‌ കൊല്ലപ്പെട്ടതെന്നു പ്രത്യേക അന്വേഷണസംഘം സ്ഥിരീകരിച്ചു. കെവിന്റെ മൃതദേഹം കൊല്ലം തെന്മല ചാലിയക്കര തോട്ടില്‍നിന്ന്‌ ഞായറാഴ്‌ച രാവിലെയാണ്‌ കണ്ടെത്തിയത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ ഡിവൈഎഫ്‌ഐ നേതാവ്‌ നിയാസ്‌ (23), റിയാസ്‌ (26), ഇഷാന്‍ എന്നിവരെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. നിയാസ്‌, റിയാസ്‌ എന്നിവരെ തമിഴ്‌നാട്ടില്‍നിന്നാണ്‌ പിടികൂടിയത്‌. സംഭവത്തില്‍ മൂന്നുപേരെകൂടി പികൂടിയതായാണ്‌ സൂചന. മുഖ്യപ്രതി സാനു ചാക്കോ ഒളിവിലാണ്‌. കൊല്ലപ്പെട്ട കെവിന്റെ ഭാര്യ കൊല്ലം തെന്മല ഒറ്റക്കല്‍ സാനുഭവനില്‍ നീനു ചാക്കോയുടെ (20) സഹോദരനാണ്‌ സാനുചാക്കോ. കേസില്‍ പതിമൂന്നോളം പേര്‍ പ്രതികളാകുമെന്നാണ്‌ സൂചന.

മൂന്നുവര്‍ഷത്തോളം പ്രണയത്തിലായിരുന്ന കെവിനും നീനുവും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും മൂന്നുദിവസം മുമ്പ്‌ റജിസ്റ്റര്‍ വിവാഹത്തന്‌ ഓണ്‍ലൈന്‍വഴി റജിസ്‌ട്രേഷന്‍ നടത്തുകയും ചെയ്‌തു. വീട്ടുകാര്‍ നീനുവിന്‌ വിവാഹാലോചന ആരംഭിച്ചപ്പോഴാണ്‌ കെവിനോടൊപ്പം നീനു ഇറങ്ങിപ്പോന്നത്‌. ഓണ്‍ലൈന്‍ റജിസ്‌ട്രേഷനുസേഷം ഹോസ്‌റ്റലിലാണ്‌ നീനു താമസിച്ചിരുന്നത്‌. സംഭവം നീനുവിന്റെ വീട്ടുകാര്‍ അറിഞ്ഞതോടെ കെവിന്‍ മാന്നാനത്തെ ബന്ധുവീട്ടില്‍ താമസമാക്കുകയായിരുന്നു. ഇവിടെനിന്നാണ്‌ കെവിനെ സാനുചാക്കോയുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം ബലമായി പിടിച്ചുകൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയത്‌. കെവിന്റെ മൃതദേഹം ഇന്നു മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ വിദഗ്‌ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ പോസ്‌റ്റുമോര്‍ട്ടം ചെയ്യും. മൂന്നുമണിക്ക്‌ കോട്ടയം നല്ല ഇടയന്‍ പള്ളിയില്‍ സംസ്‌കരിക്കും.