Breaking News

Trending right now:
Description
 
May 28, 2018

ഉമ്മന്‍ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറി

image പതിറ്റാണ്ടുകളായി കേരളരാഷ്ട്രീയത്തിലെ നിര്‍ണായക സ്വാധീനമായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നിയമിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന ആന്ധ്രാ പ്രദേശിന്റെ ചുമതലയാണ്‌ അദ്ദേഹത്തിന്‌ നല്‍കിയിട്ടുള്ളത്‌. അവിടെ ശിഥിലമായികിടക്കുന്ന കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുകയാണ്‌ ആദ്യ ദൗത്യം. പിന്നീട്‌ കോണ്‍ഗ്രസുമായി സഖ്യസാധ്യതയുളളവരുടെ മുന്നണി രൂപീകരിക്കുക തുടങ്ങിയ ദൗത്യമുള്‍പ്പെടെ ഏറ്റെടുക്കേണ്ടതുണ്ട്‌. മധ്യപ്രദേശ്‌, രാജസ്ഥാന്‍, ഛത്തീസ്‌ഗഡ്‌ എന്നിവിടങ്ങളിലെ നിര്‍ണായക തിരഞ്ഞെടുപ്പുകള്‍ക്കു മുന്നോടിയായുള്ള കോണ്‍ഗ്രസ്‌ സംഘടനാതല അഴിച്ചുപണിയില്‍ ജനറല്‍ സെക്രട്ടറി പദവിയില്‍ എത്തിയതിനു പിന്നാലെ പാര്‍ട്ടിയുടെ ഉന്നതഘടകമായ പ്രവര്‍ത്തക സമിതിയിലും ഉമ്മന്‍ചാണ്ടി അംഗമാകുമെന്നാണ്‌ സൂചന. 48 വര്‍ഷം എംഎല്‍എ ആയ ഉമ്മന്‍ചാണ്ടി നിലവിലുള്ള 11 ജനറല്‍ സെക്രട്ടറിമാരില്‍ ഏറ്റവും മുതിര്‍ന്ന നേതാവാണ്‌. ദക്ഷിണേന്ത്യയില്‍ പാര്‍ട്ടി ക്ഷീണം നേരിടുന്ന ആന്ധ്രാ പ്രദേശില്‍ നില മെച്ചപ്പെടുത്താന്‍ കഴിഞ്ഞാല്‍ ഉമ്മന്‍ചാണ്ടിക്ക്‌ ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ പ്രബലനാകാം. ഏറെ വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്വമാണ്‌ പാര്‍ട്ടി ഏല്‍പ്പിച്ചതെന്നും ഭംഗിയായി നിറവേറ്റാനാവുമെന്നുമാണ്‌ ഉമ്മന്‍ചാണ്ടി ഇതേക്കുറിച്ച്‌ പ്രതികരിച്ചത്‌.