Breaking News

Trending right now:
Description
 
May 28, 2018

പ്രണയവിവാഹത്തെ തുടര്‍ന്ന്‌ ഗുണ്ടകള്‍ തട്ടിക്കൊണ്ടുപോയ നവവരന്‍ മരിച്ചനിലയില്‍

image പ്രണയവിവാഹത്തെ തുടര്‍ന്ന്‌ യുവതിയുടെ ഗുണ്ടകള്‍ തട്ടിക്കൊണ്ടുപോയ നവവരനെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം നട്ടാശേരി എസ്‌എച്ച്‌ മൗണ്ട്‌ കെവിന്‍ പി.ജോസഫിന്റെ (23) മൃതദേഹമാണ്‌ തെന്മലയില്‍ കണ്ടെത്തിയത്‌. ഭര്‍ത്താവിനെ ഗുണ്ടകള്‍ തട്ടിക്കൊണ്ടുപോയെന്നു ഭാര്യ നീനുവിന്റെ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടയില്‍ ഇന്നു പുലര്‍ച്ചെ തെന്മലയ്‌ക്ക്‌ ഇരുപതുകിലോമീറ്റര്‍ ദൂരെ ചാലിയക്കരയിലെ തോട്ടില്‍ മൃതദേഹം കണ്ടെത്തിയത്‌. കെവിന്റെ ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ട്‌. ശനിയാഴ്‌ച അര്‍ധരാത്രിയില്‍ മൂന്നുവാഹനങ്ങളില്‍ എത്തിയവര്‍ മാന്നാനത്തുള്ള ബന്ധുവീട്ടില്‍നിന്നു കെവിനെ ബലമായി വാഹനത്തില്‍കയറ്റികൊണ്ടുപോവുകയായിരുന്നു. ഇക്കൂട്ടത്തില്‍ നീനുവിന്റെ സഹോദരന്‍ ഉണ്ടായിരുന്നുവെന്നും പറയുന്നു. വീട്ടിലെ ഉപകരണങ്ങളൊക്കെയും ഗുണ്ടകള്‍ തകര്‍ത്തു. ഗാന്ധിനഗര്‍ഭാഗത്തുള്ള ഹോസ്‌റ്റലില്‍ താമസിച്ചിരുന്ന പത്തനാപുരം സ്വദേശിനിയായ നീനു വിവരം അറിഞ്ഞ്‌ പൊലീസിനെ സമീപിച്ചെങ്കിലും അവഗണിക്കുകയായിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോകുന്നതിനു മുമ്പ്‌ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പ്രശ്‌ന പരിഹാരത്തിന്‌ ഗാന്ധിനഗര്‍ പൊലീസിലെത്തിയിരുന്നു. പൊലീസിന്റെ നിര്‍ദേശപ്രകാരം നീനുവിനെ ഹാജരാക്കിയെങ്കിലും പൊലീസ്‌ കാണ്‍കെ ബലമായി പിടിച്ചുകൊണ്ടുപോകാന്‍ നീനുവിന്റെ ബന്ധുക്കള്‍ശ്രമിച്ചത്‌ പ്രശ്‌നം സൃഷ്ടിച്ചിരുന്നു. ഇതേതുടര്‍ന്ന്‌ മടങ്ങിയ ഇവര്‍ ഗുണ്ടകളുമായിഎത്തിയാണ്‌ അതിക്രമം കാട്ടിയത്‌. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരാളെ പൊലീസ്‌ പിടികൂടിയിരുന്നു. ഇയാള്‍ നല്‍കിയ വിവരം അനുസരിച്ചാണ്‌ മൃതദേഹം കണ്ടെത്തിയത്‌. അതേസമയം കെവിന്റെ ഭാര്യ നീനു നല്‍കിയ പരാതി അവഗണിച്ച ഗാന്ധിനഗര്‍ എസ്‌ഐ ഷിബുവിനോട്‌ ജില്ലാ പൊലീസ്‌ മേധാവി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്‌. യുവതിയുടെ പരാതി യദാസമയം സ്വീകരിച്ച്‌ പൊലീസ്‌ അന്വേഷണം നടത്തിയിരുന്നെങ്കില്‍ സംഘത്തെ പിടികൂടി കെവിനെ രക്ഷിക്കാമായിരുന്നുവെന്ന്‌ ജില്ലാ പൊലീസ്‌ മേധാവിക്ക്‌ ഡിവൈഎസ്‌പി നല്‍കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്‌.