Breaking News

Trending right now:
Description
 
May 27, 2018

കോണ്‍ഗ്രസിന്റെ കാലത്തെ പെട്രോള്‍ വിലയാണിപ്പോഴും: അമിത്‌ഷാ

image രാജ്യത്തെ പെട്രോള്‍വില വര്‍ധനവിനെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്‌ ഷാ പിന്തുണച്ചു. രാജ്യത്തുണ്ടായിട്ടുള്ള പെട്രോള്‍വില വര്‍ധനവ്‌ കോണ്‍ഗ്രസ്‌ കാലത്തേതിന്‌ സമാനമാണെന്നു പറഞ്ഞ അമിത്‌ഷാ ഇക്കാര്യത്തില്‍ ദീര്‍ഘകാല പരിഹാരമുണ്ടാക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കുകയാണെന്നും വ്യക്തമാക്കി. മോദി സര്‍ക്കാരിന്റെ നാലുവര്‍ഷത്തെ നേട്ടങ്ങള്‍ വിവരിക്കുന്നതിനിടെയാണ്‌ പെട്രോള്‍വിലയെക്കുറിച്ച്‌ അദ്ദേഹം പ്രതികരിച്ചത്‌. കോണ്‍ഗ്രസ്‌ ഭരിച്ചിരുന്ന സമയത്തെ പെട്രോള്‍വില തന്നെയാണ്‌ ഇപ്പോഴുള്ളത്‌. പക്ഷേ അവര്‍ക്കിത്‌ ഇപ്പോള്‍ സഹിക്കുന്നില്ല. രാഹുല്‍ഗാന്ധിയുടെ ആരോപണങ്ങളില്‍ വസ്‌തുത ഇല്ലെന്നും അമിഷ്‌ ഷാ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാക്കളുടെ കൂട്ടായ്‌മയില്‍ ബിജെപിക്ക്‌ യാതൊരുവിധ ആശങ്കയുമില്ല. തൃണമുല്‍ നേതാവ്‌ മമത ബാനര്‍ജിയും ടിഡിപി നേതാവ്‌ ചന്ദ്രബാബു നായിഡുവും കൈകോര്‍ക്കുന്ന ബംഗാളിലും ആന്ധ്രയിലും ചലനമുണ്ടാക്കില്ല. സീതാറാം യെച്ചൂരിയും എച്ച്‌ഡി കുമാരസ്വാമിയും ഒത്തുചേരുന്നതും സംസ്ഥാനങ്ങളില്‍ നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളെ ബാധിക്കില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ 2014ലും ബിജെപിക്കു എതിരായിരുന്നു. എന്നിട്ടെന്തായി? എന്തൊക്കെ ഭിന്നതയുണ്ടായാലും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും ശിവസേന സഖ്യകക്ഷിതന്നെയായിരിക്കും. തെലുങ്കാനയില്‍ ടിഡിപി പോയെങ്കിലും ബീഹാറില്‍ നിതീഷ്‌ കുമാറിന്റെ മടങ്ങിവരവ്‌ എന്‍ഡിഎയ്‌ക്ക്‌ ശക്തിപകര്‍ന്നിട്ടുണ്ട്‌. 2014നുശേഷം 14 പാര്‍ട്ടികളാണ്‌ എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്നത്‌. ഇപ്പോഴത്തെ സാഹചര്യത്തിലും 2019ലും എന്‍ഡിഎ തന്നെയായിരിക്കും അധികാരത്തിലെത്തുകയെന്നും അമിത്‌ഷാ വ്യക്തമാക്കി.