Breaking News

Trending right now:
Description
 
May 26, 2018

അമേരിക്കന്‍ മലയാളിസംഘടനാ തെരഞ്ഞെടുപ്പ്: വ്യക്തിബന്ധങ്ങളുടെ കാര്യകൂടി ഒന്നു ശ്രദ്ധിക്കണേ

കൊച്ചാപ്പി
image അമേരിക്കയിൽ മലയാളി സംഘടനകളുടെ ഇലക്ഷനുമായി ബന്ധപ്പെട്ട വാർത്തകൾ എല്ലാ മാദ്ധ്യമങ്ങളിലും നിറഞ്ഞു നിൽക്കുന്നു. ലോക്കൽ സംഘടനകൾ മുതൽ ദേശിയ സംഘടനകൾ വരെ പരന്ന് നിരന്ന് കിടക്കുന്ന ഇലെക്ഷൻ വാർത്തകൾ. സത്യത്തിൽ ഇത്രയ്ക്ക് വാശി വരാൻ എന്താണ് ഈ സംഘടനകളിൽ ഉള്ളത്?
അമേരിക്കയിലെ സംഘടന പ്രവർത്തനം എന്ന് പറയുന്നത് ഒരു സാമൂഹിക പ്രവർത്തനം കൂടി ആണെന്ന് ഈ ഉള്ളവൻ വിശ്വസിക്കുന്നു. സമയം, പണം, കുടുംബം, കുട്ടികളെ എല്ലാം നഷ്ടപ്പെടുത്തുന്ന സാമൂഹിക പ്രവർത്തനം. പക്ഷേ ചിലർക്ക് അതിൽ കൂടി കിട്ടുന്ന പ്രശംസയിൽ ആണ് കണ്ണ്. തന്റെ ചിത്രം 3 -4 മാദ്ധ്യമങ്ങളിലും ഓൺലൈനിലും കണ്ടാൽ കിട്ടുന്ന ആനന്ദം പറഞ്ഞു അറിയിക്കാൻ പറ്റില്ല. അതിന് വേണ്ടി എന്ത് തന്ത്രവും കുതന്ത്രവും പയറ്റാൻ ഈ കൂട്ടർ റെഡി ആണ്.
 
ഏത് യുദ്ധത്തിനും ഉണ്ട് ഒരു ധർമ്മം. വിജയത്തിന് വേണ്ടി എന്ത് വൃത്തികെട്ട കളിയും കളിക്കാൻ സംഘടന ഭാരവാഹികൾ തയ്യാറാവരുത്. "യഥോ ധർമ്മ .. തദോ ജയ: " എന്ന വാക്യം എല്ലാവരും ഒന്ന് ഓർക്കുന്നത് നന്നായിരിക്കും. എതിർ പാനൽ മത്സരാത്ഥികൾക്കെതിരെ ഉള്ള അപവാദ പ്രചാരണം ആണ് ഇപ്പോൾ കണ്ട് വരുന്നത്. സ്ത്രീകളെ പോലും ഈ കൂട്ടർ വിടില്ല എന്നത് ദോഷകരമായ ഒരു പ്രവണത ആണ്. സ്ഥാനാർത്ഥികളുടെ വീട്ടിൽ ഇരിക്കുന്നവരെ കുറിച്ച് പറയുന്നവരും ധാരാളം. അവരുടെ പൂർവ്വകാല ചരിത്രത്തിൽ ഗവേഷണം നടത്തുന്ന ഗ്രൂപ്പ് മാനേജർമാർ സജ്ജീവം. 
 
സംഘടനയുടെ ചെക്ക് മുക്കുന്നു, വിർജീനിയയിൽ താമസിക്കുന്ന ആളെ ഇലക്ഷനിൽ മത്സരിപ്പിക്കുവാൻ വേണ്ടി ന്യൂ യോർക്കിലെ സംഘടനയുടെ സെക്രട്ടറി ആക്കുന്നു, ക്യാഷ് കൊടുത്തു സംഘടനെ തന്നെ വിലക്ക് വാങ്ങുന്നു, സ്ത്രീകളെ കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നു തുടങ്ങി ഉള്ള കലാപരിപാടികൾ നടത്തുന്ന ഗ്രൂപ്പ് മാനേജർമാർ അറിയേണ്ട ഒന്നുണ്ട്...ഇലക്ഷൻ വരും ... പോകും. മത്സരാത്ഥികളും അവരുടെ കുടുംബങ്ങളും ഇവിടെ ഒക്കെ തന്നെ ഇനിയും ജീവിക്കും. ഇതിനും മുമ്പ് എത്രയോ ഇലക്ഷൻ വന്നിരിക്കുന്നു... കഴിഞ്ഞിരിക്കുന്നു.. വ്യക്തി ബന്ധങ്ങൾ നിലനിർത്താൻ കൂടി ഉതകുന്നതാവണം സംഘടനകൾ. അല്ലാതെ പരസ്പരം കണ്ടാൽ ചിരിക്കാൻ പോലും വിമുഖത തോന്നുന്ന ആളുകൾ പങ്കെടുക്കുന്ന കൺവെൻഷന് അധികം ആരും വരും കാലങ്ങളിൽ ഉണ്ടാവില്ല.
 
സംഘടനകളിൽ നിന്നും നമ്മുടെ കുട്ടികൾ അകലുന്നത് അവർക്ക് ഈ കാണിച്ചു കൂട്ടുന്നത് കാണാൻ താൽപര്യം ഇല്ലാത്തത് കൊണ്ട് മാത്രം ആണ്. മനുഷ്യരിലെ നന്മ അറിയണം, ആസുരിക ഭാവം സംഘടനയിലേക്ക് കൊണ്ട് വരാതെ ഇരിക്കണം. ഒന്ന് മനസ്സിലാക്കണം - കുടുംബത്തിൽ വേണ്ടാത്തവരെ, സമൂഹത്തിന് വേണ്ടാത്തവരെ, നാടിന് വേണ്ടാത്തവരെ ഒരു സംഘടനക്കും ചുമക്കാൻ പറ്റില്ല.
 
മത്സരങ്ങൾ ആരോഗ്യപരമായിരിക്കണം. തോൽക്കുന്നവർ പൂർണ്ണ മനസ്സോടെ അത് അംഗീകരിക്കണം. വിജയിക്കുന്നവരുടെ കൂടി നിന്ന് പ്രവർത്തിക്കാൻ തയ്യാറാവണം. അല്ലാതെ സംഘടന തിരഞ്ഞെടുപ്പുകൾ തമ്മിൽ തല്ലിന്റ്റെ വേദികൾ ആക്കരുത്. വളരും തോറും പിളർത്താൻ ശ്രമിക്കരുത്. ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസങ്ങൾ മാറ്റി നിർത്തി കഴിവുള്ളവരെ അംഗീകരിക്കണം.
 
ഒന്ന് ഓർക്കണം, നിങ്ങൾ ജോലി ചെയ്താലേ മോർട്ടഗേജ് അടക്കാൻ പറ്റൂ. നിങ്ങൾക്ക് വേണ്ടി അത് ആരും അടക്കുകയില്ല. കുടുംബം കുട്ടികളെക്കാൾ വലുതാണോ  മനുഷ്യ ബന്ധങ്ങളെക്കാൾ വലുതാണോ ഈ സംഘടന തിരഞ്ഞെടുപ്പുകൾ എന്ന് ഓർക്കണം, ഓർത്താൽ നന്ന്.