Breaking News

Trending right now:
Description
 
May 25, 2018

ആണവപരീക്ഷണകേന്ദ്രം തകര്‍ക്കാന്‍ ഒമ്പതുമണിക്കൂര്‍ സ്‌ഫോടനം

image വാഗ്‌ദാനം ചെയ്‌തതുപോലെ ഉത്തരകൊറിയ അവരുടെ പങ്‌ഗ്യേറി ആണവപരീക്ഷണ കേന്ദ്രം സ്‌ഫോടനത്തിലൂടെ തകര്‍ത്തു. ട്രംപുമായുള്ള ഉച്ചകോടിക്കുമുന്നോടിയായിട്ടാണ്‌ ഉത്തരകൊറിയ ഏകാധിപതി കിം ജോങ്‌ ഉന്‍ ആണവപരീക്ഷണകേന്ദ്രം തകര്‍ക്കാന്‍ നിര്‍ദേശം നല്‍കിയത്‌. വടക്കുകിഴക്കന്‍ മേഖലയില്‍ പര്‍വതം തുരന്ന്‌ മൂന്ന്‌ തുരങ്കങ്ങള്‍ തീര്‍ത്ത്‌ സ്ഥാപിച്ച പരീക്ഷണകേന്ദ്രമാണ്‌ ഒമ്പതുമണിക്കൂറോളം നീണ്ട സ്‌ഫോടനത്തിലൂടെ വ്യാഴാഴ്‌ച തകര്‍ത്തത്‌. റേഡിയോ ആക്ടീവ്‌ വികിരണങ്ങള്‍ പുറത്തുവന്നിട്ടില്ലെന്നു ഉറപ്പാക്കിയിട്ടുണ്ട്‌. ഗവേഷകര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും വേണ്ടിയുള്ള തുരങ്കങ്ങളും നശിപ്പിച്ചു. ദക്ഷിണകൊറിയ, അമേരിക്ക മുതലായ രാജ്യങ്ങളിലെ മാധ്യമങ്ങള്‍ക്ക്‌ ഇതു നേരിട്ടു റിപ്പോര്‍ട്ടു ചെയ്യാന്‍ അവസരവും നല്‍കിയിരുന്നു. എന്നാല്‍, രാജ്യാന്തര ആണവായുധ നിരീക്ഷകരെ ക്ഷണിച്ചിരുന്നില്ല. കഴിഞ്ഞ സെപ്‌റ്റംബറിലേത്‌ ഉള്‍പ്പെടെ ആറ്‌ പരീക്ഷണങ്ങള്‍ നടത്തിയ കേന്ദ്രമാണ്‌ സ്‌ഫോടനത്തിലൂടെ ഇല്ലാതാക്കിയത്‌. ഉഗ്രശേഷിയുള്ള ഹൈഡ്രജന്‍ ബോംബാണ്‌ ഏറ്റവും അവസാനം പരീക്ഷിച്ചത്‌. ആണവപരീക്ഷണ കേന്ദ്രം തകര്‍ത്തുവെങ്കിലും കൈയിലുള്ള അണ്വായുധങ്ങള്‍ ഉപേക്ഷിക്കുമെന്ന്‌ ഉത്തരകൊറിയ പ്രഖ്യാപിച്ചിട്ടില്ല.