Breaking News

Trending right now:
Description
 
May 25, 2018

തമിഴ്‌നാട്ടില്‍ ഇന്ന്‌ ബന്ദ്‌; തൂത്തുക്കുടി പ്ലാന്റ്‌ പൂട്ടി

image തൂത്തുക്കുടിയില്‍ പൊലീസ്‌ വെടിവയ്‌പില്‍ 13 പേര്‍ മരിച്ചസംഭവത്തില്‍ പ്രതിഷേധിച്ച്‌ ഡിഎംകെയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കക്ഷികള്‍ ആഹ്വാനം ചെയ്‌ത തമിഴ്‌നാട്‌ ബന്ദ്‌ തുടങ്ങി. 12 മണിക്കൂര്‍ ബന്ദാണ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടുള്ളതിനാല്‍ കനത്ത സുരക്ഷാ സംവിധാനങ്ങളാണ്‌ ഒരുക്കിയിരിക്കുന്നത്‌. അതേസമയം, തൂത്തുക്കുടിയിലെ സ്‌റ്റെര്‍ലൈറ്റ്‌ പ്ലാന്റ്‌ അടച്ചുപൂട്ടാന്‍ തമിഴ്‌നാട്‌ മലിനീകരണ നിയന്ത്രണബോര്‍ഡ്‌ ഉത്തരവിട്ടു. പ്ലാന്റിനെതിരെ പ്രതിഷേധിച്ച്‌ സമരം നടത്തിയവര്‍ക്കുനേരെയാണ്‌ പൊലീസ്‌ വെടിവച്ചത്‌. തുടര്‍ച്ചയായി രണ്ടുദിവസങ്ങളിലായി നടന്ന സംഘര്‍ഷത്തിനുശേഷം തൂത്തുക്കുടി ഇന്നലെ പൊതുവേ ശാന്തമായി. ഒറ്റപ്പെട്ട ചില അക്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുണ്ട്‌. ആക്രമണങ്ങളില്‍ 33 പൊലീസുകാര്‍ ഉള്‍പ്പെടെ 102 പേര്‍ക്ക്‌ പരുക്കേറ്റതായാണ്‌ ഇതുവരെയുള്ള കണക്ക്‌. അറസ്റ്റിലായ എഴുപതോളം പേര്‍ റിമാന്‍ഡിലാണ്‌. സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയുടെ ചേംബറിനു മുമ്പില്‍ കുത്തിയിരുന്ന പ്രതിപക്ഷനേതാവ്‌ ഡിഎംകെ വര്‍ക്കിങ്‌ പ്രസിഡന്റ്‌ എം.കെ.സ്റ്റാലിനെയും 20 എംഎല്‍എമാരെയും അറസ്റ്റു ചെയ്‌തു നീക്കുകയായിരുന്നു. പ്ലാന്റ്‌ അടച്ചുപൂട്ടാനുള്ള നിര്‍ദേശത്തെ തുടര്‍ന്ന്‌ പ്ലാന്റിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പ്ലാന്റിനുമുമ്പില്‍ പൊലീസ്‌ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. സമൂഹമാധ്യമങ്ങള്‍വഴി വ്യാജപ്രചരണം വ്യാപകമാകുന്നുവെന്ന കാരണത്താല്‍ തൂത്തുക്കുടി, കന്യാകുമാരി, തിരുനല്‍വേലി ജില്ലകളില്‍ ഇന്റര്‍നെറ്റ്‌ സേവനം നിര്‍ത്തിവച്ചിരിക്കുകയാണ്‌.