Breaking News

Trending right now:
Description
 
May 25, 2018

ട്രംപ്‌ ഉച്ചകോടിയില്‍നിന്ന്‌ പിന്മാറി; ഖേദകരമെന്ന്‌ കിം

image ഉത്തരകൊറിയ ഏകാധിപതി കിം ജോങ്‌ ഉന്നുമായി സിംഗപ്പൂരില്‍ നടത്താനിരുന്ന ഉച്ചകോടിയില്‍നിന്നു അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ പിന്മാറി. സിംഗപ്പൂരില്‍ അടുത്തമാസം 12നായിരുന്നു ഉച്ചകോടി തീരുമാനിച്ചിരുന്നത്‌. ഉച്ചകോടിക്കു മുന്നോടിയായി രാജ്യത്തെ ആണവപരീക്ഷണകേന്ദ്രം സ്‌ഫോടനത്തിലൂടെ വ്യാഴാഴ്‌ച സ്വയം തകര്‍ത്തു ഉത്തരകൊറിയ വാക്കുപാലിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ട്രംപിന്റെ പിന്മാറ്റം. ട്രംപിന്റെ പെട്ടെന്നുള്ള ഈ തീരുമാനം ഖേദകരമാണെന്നും കൂടിക്കാഴ്‌ച നടത്തുന്നതിന്‌ ഏതു സമയത്തും തയാറാണെന്നും ഉത്തരകൊറിയ പ്രതികരിച്ചു. അടുത്തിടെ കിം നടത്തിയ പ്രസ്‌താവനകളില്‍ തുറന്ന ശത്രുതയും ഭീകരമായ കോപവും ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണ്‌ ട്രംപ്‌ ഉച്ചകോടിയില്‍നിന്നു പിന്മാറുന്നതെന്നു വ്യക്തമാക്കിയിട്ടുണ്ട്‌. ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തും അയച്ചിരുന്നു. യുഎസ്‌ ബന്ദികളെ മോചിപ്പിച്ചതിനു നന്ദി അറിയിച്ച ട്രംപ്‌, നഷ്ടപ്പെട്ട ഈ അവസരം ചരിത്രത്തിലെ വേദനനിറഞ്ഞ മുഹൂര്‍ത്തങ്ങളിലൊന്നാണെന്നു കുറിച്ചു. ദക്ഷിണ കൊറിയ-യുഎസ്‌ സംയുക്ത സൈനിക അഭ്യാസത്തില്‍ ഉത്തരകൊറിയ അതൃപ്‌തി പ്രകടിപ്പിച്ചതാണ്‌ ട്രംപിന്റെ ഇത്തരത്തിലൊരു തീരുമാനത്തിനു പിന്നിലെന്നാണ്‌ സൂചന. ഉച്ചകോടി റദ്ദാക്കപ്പെടുമ്പോള്‍, കൊറിയന്‍ മേഖലയുടെ ആണവ നിരായുധീകരണം സംബന്ധിച്ച പ്രതീക്ഷകള്‍ അസ്ഥാനത്താകും. ഈവര്‍ഷം തുടക്കം മുതല്‍ ഉത്തരകൊറിയ സ്വീകരിച്ച അനുരഞ്‌ജന ശബ്ദത്തിന്റെ തുടര്‍ച്ചയായിട്ടാണ്‌ ലോകശ്രദ്ധയാകര്‍ഷിച്ച ട്രംപ്‌-കിം കൂടിക്കാഴ്‌ച നിശ്ചയിക്കപ്പെട്ടത്‌.