Breaking News

Trending right now:
Description
 
May 23, 2018

തൂത്തുക്കുടിയില്‍ സമരക്കാര്‍ക്കുനേരെ വെടിവയ്‌പ്‌: 12 മരണം

image ചെന്നൈ തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ്‌ ചെമ്പ്‌ ശുദ്ധീകരണശാല അടച്ചുപൂട്ടണമെന്നു ആവശ്യപ്പെട്ടു പ്രതിഷേധിച്ചവര്‍ക്കു നേരെ പൊലീസ്‌ നടത്തിയ വെടിവയ്‌പില്‍ 12 പേര്‍ കൊല്ലപ്പെട്ടു. പ്രശസ്‌ത സ്റ്റണ്ട്‌ മാസ്റ്റര്‍ ശിവയുടെ ബന്ധത്തിലുള്ള സഹോദരനും പത്താംക്ലാസ്‌ വിദ്യാര്‍ഥിനിയും സ്‌ത്രീകളും ഉള്‍പ്പെടെ മരിച്ചവരില്‍ പെടും. ഇരുപതോളം പ്രതിഷേധക്കാര്‍ ഉള്‍പ്പെടെ മുപ്പതോളം പേര്‍ക്ക്‌ പരുക്കുണ്ട്‌. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്‌.പൊലീസുകാര്‍ക്കും പരുക്കേറ്റു. സ്റ്റെര്‍ലൈറ്റ്‌ വിരുദ്ധ സമരസമിതിയുടെ പ്രതിഷേധം ശക്തമായതോടെ പൊലീസ്‌ ലാത്തിചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടത്തി. എന്നിട്ടും നിയന്ത്രണവിധേയമാകാതിരുന്നതോടെ വെടിവയ്‌ക്കുകയായിരുന്നു. പ്ലാന്റിനെതിരെ ഒരുമാസത്തിലേറെയായി പ്രക്ഷോഭം നടന്നുവരുകയായിരുന്നു. ചൊവ്വാഴ്‌ച സ്റ്റെര്‍ലൈറ്റ്‌ വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ തൂത്തുക്കുടി കലക്ടറേറ്റിലേക്ക്‌ നടത്തിയ മാര്‍ച്ചോടെയാണ്‌ സംഘര്‍ഷത്തിനു തുടക്കം. പൊലീസിനു നേരെ കല്ലെറിഞ്ഞ സമരക്കാര്‍ വാഹനങ്ങള്‍ കത്തിച്ചു. കല്ലേറ്‌ രൂക്ഷമായതോടെ പൊലീസ്‌ കണ്ണീര്‍വാതകവും ലാത്തിചാര്‍ജും നടത്തി. ബാരിക്കേഡ്‌ തകര്‍ത്ത്‌ പ്രതിഷേധക്കാര്‍ കലക്ട്രേറ്റ്‌ വളപ്പില്‍ പ്രവേശിച്ചതോടെയാണ്‌ പൊലീസ്‌ വെടിവച്ചത്‌. കലക്ടറേറ്റിനുള്ളിലേക്ക്‌ ഇരച്ചുകയറിയ സമരക്കാര്‍ കെട്ടിടത്തിനു തീയിടാന്‍ ശ്രമിച്ചപ്പോഴാണ്‌ വെടിവച്ചതെന്നാണ്‌ പൊലീസ്‌ ഭാഷ്യം. സംഘര്‍ഷത്തെ തുടര്‍ന്ന്‌ രണ്ടായിരത്തിലേറെ പൊലീസുകാരെ സ്ഥലത്ത്‌ നിയോഗിച്ചിട്ടുണ്ട്‌.