Breaking News

Trending right now:
Description
 
May 23, 2018

ആലപ്പുഴ പട്ടണത്തിലെ ഗതാഗതക്കുരുക്ക്‌ പരിഹരിക്കാന്‍

image ആലപ്പുഴ: പൊതുജനങ്ങളും ഭരണാധികാരികളും ആത്മാര്‍ഥതയോടെ ഒന്നു ചേര്‍ന്നു പരിശ്രമിച്ചാല്‍ ആലപ്പുഴ പട്ടണത്തിലെ ഗതാഗതക്കുരുക്കിനു നിഷ്‌പ്രയാസം അറുതി വരുത്താനാകുമെന്നു പൊതുസംഘടനകളുടെ ചര്‍ച്ചായോഗം. റോഡിലിറങ്ങുന്ന കാല്‍നടക്കാരും വാഹന ഡ്രൈവര്‍മാരും `ഞാന്‍ ആദ്യം` എന്ന നിലപാടു മാറ്റി `താങ്കള്‍ ആദ്യം` എന്ന മനോഭാവം വളര്‍ത്തിയെടുക്കണം. റോഡില്‍ വാഹനങ്ങള്‍ക്കും നടപ്പാതകളില്‍ കാല്‍നടക്കാര്‍ക്കുമായിരിക്കണം എപ്പോഴും മുന്‍ഗണന. തത്തംപള്ളി റസിഡന്റ്‌സ്‌ അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ്‌ തോമസ്‌ മത്തായി കരിക്കംപള്ളില്‍ അധ്യക്ഷത വഹിച്ച `ആലപ്പുഴ പട്ടണവഴികള്‍ സുഗമമാക്കാം` ചര്‍ച്ചായോഗത്തില്‍ കേരള ബസ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ അസോസിയേഷന്‍ (കെ.ബി.ടി.എ) ആലപ്പുഴ ജില്ലാ പ്രസിഡന്റ്‌ പി.ജെ.കുര്യന്‍, വൈ.എം.സി.എ പ്രസിഡന്റ്‌ ഡോ.പി.കുരിയപ്പന്‍ വര്‍ഗീസ്‌, സി.വൈ.എം.എ സെക്രട്ടറി റ്റോം ജോണ്‍, കുട്ടനാട്‌ ഇന്റഗ്രല്‍ ഡെവലപ്‌മെന്റ്‌ സൊസൈറ്റി (കിഡ്‌സ്‌) പ്രസിഡന്റ്‌ ടോം ജോസഫ്‌, ചേംബര്‍ ഓഫ്‌ ഡെവലപ്‌മെന്റ്‌ ആന്‍ഡ്‌ മാനേജ്‌മെന്റ്‌ (സിഡാം) ചെയര്‍മാന്‍ അഡ്വ. പ്രദീപ്‌ കൂട്ടാല തുടങ്ങിയവര്‍ അഭിപ്രായങ്ങള്‍ പങ്കുവച്ചു.

പട്ടണത്തിലെ റോഡുകളില്‍ ആവര്‍ത്തിക്കുന്ന ഗതാഗതക്കുരുക്കിനു ഉടനുടന്‍ പരിഹാരം കണ്ടെത്താന്‍ പൊലീസും മറ്റു അധികൃതരും ഉള്‍പ്പടെ ആരും ശ്രമിക്കുന്നില്ല. പ്രശ്‌നങ്ങള്‍ക്കു അടിസ്ഥാനമാകുന്ന കാര്യങ്ങളെക്കുറിച്ചു പഠിക്കുകയോ അത്‌ ഒഴിവാക്കാന്‍ ആവശ്യമായ ഗവേഷണങ്ങള്‍ നടത്തുകയോ ചെയ്യാറില്ല. റോഡിനു കുറുകെ കയറും കേബിളും കെട്ടിയും ഇടയ്‌ക്കിടയ്‌ക്ക്‌ ചില റോഡുകള്‍ വണ്‍വേയാക്കിയും ജംഗ്‌ഷനുകള്‍ 'നോ റൈറ്റ്‌ ടേണ്‍' ആയി പ്രഖ്യാപിച്ചും ജനങ്ങളെ ഒരാവശ്യവുമില്ലാതെ ക്ലേശത്തിലാഴ്‌ത്തുക മാത്രമാണ്‌ ചെയ്യുന്നത്‌. അതിനെതിരേയുള്ള പരാതികള്‍ വനരോദനമായിരിക്കുന്നു.റോഡിലേയും നടപ്പാതയിലേയും ജംഗ്‌ഷനുകളിലേയും എല്ലാവിധ തടസ്സങ്ങളും മാറ്റുക മാത്രമാണ്‌ അധികൃതര്‍ ചെയ്യേണ്ടത്‌. റോഡും നടപ്പാതയും കൈയേറുന്നതിനു പിന്തുണ നല്‌കുന്നതില്‍ നിന്നു രാഷ്ട്രീയ, മത സംഘടനകള്‍ പിന്തിരിയണം. റോഡിലെ ടാറിട്ട ഭാഗത്തു പോലും കസേരകളിട്ടു തട്ടുകടകളും വഴിവാണിഭവും നടത്തുന്നത്‌ അവകാശമായി കരുതുന്നതാണ്‌ പ്രശ്‌നം. ഇത്തരം അനധികൃത വാണിഭ കേന്ദ്രങ്ങളുടെ ചുറ്റും വന്നു കൂടുന്നവരും വാഹനങ്ങളും റോഡില്‍ തന്നെയായതിനാല്‍ അപകടങ്ങള്‍ ഏറെയാണെന്നും യോഗം വിലയിരുത്തി.

നിര്‍ദേശങ്ങളില്‍ ചിലത്‌.

* കാഴ്‌ചയും കാല്‍നടയും തടസ്സപ്പെടുത്തുന്നതും അപകടകാരണങ്ങളുമായ റോഡുവക്കിലെ ബോര്‍ഡുകളും സംഭരണങ്ങളും എടുത്തുമാറ്റണം.
* 'നോ പാര്‍ക്കിംഗ്‌'ബോര്‍ഡുകള്‍ക്കു പകരം 'പാര്‍ക്കിംഗ്‌' ബോര്‍ഡുകള്‍ സ്ഥലമുള്ളയിടങ്ങളില്‍ സ്ഥാപിക്കണം.
* കുപ്പിക്കഴുത്തുകളായ ജംഗ്‌ഷനുകള്‍ മൂലകള്‍ വളച്ചു സൗകര്യപ്രദമാക്കണം.
* ബസ്‌ സ്‌റ്റോപ്പ്‌ ബോര്‍ഡുകള്‍ വച്ചു ബസ്‌ ബേകള്‍ രേഖപ്പെടുത്തിയാല്‍ കൃത്യമായി അവിടങ്ങളില്‍ ബസ്‌ നിറുത്തി യാത്രക്കാരെ കയറ്റിയിറക്കുന്നതിനു യാതൊരു തടസ്സവുമുണ്ടാവില്ല.
* പൊതുസ്ഥാപനങ്ങളുടെയും ഗേറ്റിനു മുന്നിലുള്ള ബസ്‌ സ്റ്റോപ്പുകള്‍ മാറ്റി സ്ഥാപിക്കണം.
* വീതിയുള്ള റോഡുകളില്‍ സൈക്കിള്‍ ട്രാക്ക്‌ ഏര്‍പ്പെടുത്തണം.
* പട്ടണത്തില്‍ റോഡിനു വശത്തു സ്ഥലമുള്ളയിടങ്ങളില്‍ ഉടനെ ബസ്‌ ബേകള്‍ ഏര്‍പ്പെടുത്തണം.