Breaking News

Trending right now:
Description
 
May 23, 2018

കര്‍ണാടകയില്‍ കുമാരസ്വാമി ഇന്ന്‌ ചുമതലയേല്‍ക്കും; പ്രതിഷേധവുമായി ബിജെപി

image കര്‍ണാടക മുഖ്യമന്ത്രിയായി ജെഡിഎസിലെ എച്ച്‌.ഡി.കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി കോണ്‍ഗ്രസിലെ ഡോ.ജി.പരമേശ്വരയും ഇന്നു സത്യപ്രതിജ്ഞ ചെയ്‌ത്‌ ചുമതലയേല്‍ക്കാനിരിക്കെ സംസ്ഥാനത്ത്‌ വന്‍ പ്രതിഷേധപരിപാടികളുമായി ബിജെപി രംഗത്ത്‌. കോണ്‍ഗ്രസ്‌-ജെഡിഎസ്‌ അവിശുദ്ധ കൂട്ടുകെട്ട്‌ ജനങ്ങളുടെ വിധിയെഴുത്തിനെ ഹൈജാക്ക്‌ ചെയ്‌തുവെന്ന്‌ ബിജെപി പാര്‍ട്ടി വക്താവ്‌ എസ്‌.ശാന്താറാം കുറ്റപ്പെടുത്തി. സത്യപ്രതിജ്ഞാ ചടങ്ങ്‌ ബഹിഷ്‌കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്‌ച രാവിലെ മുതല്‍ ആരംഭിക്കുന്ന പ്രതിഷേധ പരിപാടികള്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ്‌.യെദിയൂരപ്പ ഉദ്‌ഘാടനം ചെയ്യും. പ്രതിഷേധം അതിരുകടക്കാതിരിക്കാന്‍ വന്‍ സുര്‌കഷയാണ്‌ സംസ്ഥാനത്തിന്റെ വിവിധസ്ഥലങ്ങളില്‍ ഒരുക്കിയിരിക്കുന്നത്‌.
ഇന്ന്‌ വൈകിട്ട്‌ 4.30നാണ്‌ സത്യപ്രതിജ്ഞ. കോണ്‍ഗ്രസിന്‌ 22 മന്ത്രിസ്ഥാനവും ജെഡിഎസിന്‌ മുഖ്യമന്ത്രി ഉള്‍പ്പെടെ 12 മന്ത്രിമാരുമെന്നാണ്‌ ധാരണ. എച്ച്‌.ഡി.കുമാരസ്വാമി, ഡോ.ജി.പരമേശ്വര എന്നിവര്‍ ഒഴികെയുള്ളവരുടെ സത്യപ്രതിജ്ഞ പിന്നീടാണ്‌ നടക്കുക. സ്‌പീക്കര്‍ സ്ഥാനവും കോണ്‍ഗ്രസിനാണ്‌. ഡെപ്യൂട്ടി സ്‌പീക്കര്‍സ്ഥാനം ജെഡിഎസിനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌. വ്യാഴാഴ്‌ചയാണ്‌ സ്‌പീക്കര്‍ തിരഞ്ഞെടുപ്പ്‌. ഇതിനുശേഷം വിശ്വാസവോട്ട്‌ നേടും. 117 എംഎല്‍എമാരുടെ പിന്തുണയാണ്‌ കോണ്‍ഗ്രസ്‌-ജെഡിഎസ്‌ സഖ്യത്തിനുള്ളത്‌. എംഎല്‍എമാരെ സ്വാധീനിക്കാന്‍ ബിജെപി ശ്രമം തുടരുന്നെന്ന ആശങ്കയില്‍ ഇരുപാര്‍ട്ടികളും ജാഗ്രതയിലാണ്‌.