Breaking News

Trending right now:
Description
 
May 22, 2018

സ്‌പീക്കര്‍ പദവിയും കോണ്‍ഗ്രസിന്‌ നല്‍കുമെന്ന്‌ കുമാരസ്വാമി

image കര്‍ണാടകയില്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തിനു പുറമേ സ്‌പീക്കര്‍ പദവിയും നല്‍കുമെന്നു ജെഡിഎസ്‌ നേതാവും നിയുക്ത മുഖ്യമന്ത്രിയുമായ എച്ച്‌.ഡി.കുമാരസ്വാമിയുടെ ഉറപ്പ്‌. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുമായി തിങ്കളാഴ്‌ച ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ കുമാരസ്വാമി ഇക്കാര്യം വ്യക്തമാക്കിയത്‌. മന്ത്രിമാരുടെ എണ്ണം, ഉപമുഖ്യമന്ത്രിപദം എന്നിവ സംബന്ധിച്ചു പ്രാഥമിക ചര്‍ച്ച നടത്തിയ ഇരുകക്ഷികളും ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം ബെംഗളൂരില്‍ ചേരുന്ന സഖ്യക്ഷി യോഗത്തിനു വിട്ടു. ഭരണം സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള പൊതുമിനിമം പരിപാടിക്കാണ്‌ ഇവര്‍ രൂപം നല്‍കിയിരിക്കുന്നത്‌. സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തിയതിനുശേഷമേ സ്‌പീക്കര്‍ ആരു വേണമെന്ന കാര്യം രാഹുല്‍ തീരുമാനിക്കുകയുള്ളൂ. ഗാന്ധി കുടുംബത്തോടുള്ള ആദരവ്‌ പ്രകടിപ്പിക്കാനാണ്‌ താന്‍ എത്തിയതെന്നു കൂടിക്കാഴ്‌ചയില്‍ കുമാരസ്വാമി സോണിയ ഗാന്ധി, രാഹുല്‍ഗാന്ധി എന്നിവരെ അറിയിച്ചു. കുമാരസ്വാമി സോണിയയുടെ കാലില്‍തൊട്ടു വണങ്ങി അനുഗ്രഹം തേടുകയും ചെയ്‌തു. നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനുള്ള കുമാരസ്വാമിയുടെ ക്ഷണം സോണിയയും രാഹുലും സ്വീകരിച്ചു. എന്തൊക്കെ നടപടിക്രമങ്ങളാണ്‌ പാലിക്കേണ്ടതെന്നു പറഞ്ഞ രാഹുല്‍ ഗാന്ധി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്‌ ഒപ്പമുണ്ടായിരുന്ന കെ.സി.വേണുഗോപാലിനെ ചുമതലപ്പെടുത്തി.