Breaking News

Trending right now:
Description
 
May 21, 2018

24 മണിക്കൂര്‍; ഭൂരിപക്ഷം തെളിയിക്കും: കുമാരസ്വാമി

image സത്യപ്രതിജ്ഞ ചെയ്‌ത്‌ 24 മണിക്കൂറിനുള്ളില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നു ജെഡിഎസ്‌ (ജനതാദള്‍-എസ്‌) നേതാവും നിയുക്ത മുഖ്യമന്ത്രിയുമായ എച്ച്‌.ഡി.കുമാരസ്വാമി വ്യക്തമാക്കി. 23നാണ്‌ കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്യുക. ആര്‍ക്കൊക്കെ മന്ത്രിസ്ഥാനം നല്‍കണമെന്നുള്ള ചര്‍ച്ചകള്‍ വിശ്വാസവോട്ടെടുപ്പിനു മുമ്പ്‌ തീരുമാനിക്കില്ല. ഇക്കാര്യം നേരത്തെ ചര്‍ച്ച ചെയ്‌താല്‍ അതൃപ്‌തരായവരെ ബിജെപി റാഞ്ചിയെടുക്കാനുള്ള സാധ്യത കണക്കിലെടുത്താണിത്‌. 78 സീറ്റുകളുള്ള കോണ്‍ഗ്രസ്‌ കുമാരസ്വാമിക്ക്‌ ഉപാധിരഹിത പിന്തുണയാണ്‌ വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌. അതേസമയം, അധികാരം കൈമാറാമെന്ന വ്യവസ്ഥ കോണ്‍ഗ്രസുമായി ഇല്ലെന്നും അഞ്ചുവര്‍ഷവും താന്‍തന്നെ മുഖ്യമന്ത്രിയായിരിക്കുമെന്നും കുമാരസ്വാമി വ്യക്തമാക്കി. കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി എന്നിവരുമായി കുമാരസ്വാമി ഡല്‍ഹിയില്‍ ഇന്നു കൂടിക്കാഴ്‌ച നടത്തും. സര്‍ക്കാര്‍ രൂപീകരണത്തിനു നല്‍കിയ പിന്തുണയ്‌്‌ക്ക്‌ നന്ദി അറിയിക്കും. ഇരുവരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക്‌ ക്ഷണിക്കും. മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തെലുങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു, ആന്ധ്രാപ്രദേശ്‌ മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു, ബിഎസ്‌പി അധ്യക്ഷ മായാവതി എന്നിവരെ ചടങ്ങിലേക്ക്‌ ക്ഷണിച്ചിട്ടുണ്ട്‌.