Breaking News

Trending right now:
Description
 
May 19, 2018

സാഗര്‍ ചുഴലിക്കാറ്റ്‌: കേരളത്തിലും ജാഗ്രതാ നിര്‍ദേശം

image ഏദന്‍-ഗള്‍ഫ്‌ തീരത്ത്‌ രൂപപ്പെട്ട സാഗര്‍ ചുഴലിക്കാറ്റ്‌ ഇന്ത്യന്‍ തീരത്തു കാര്യമായ ചലനമുണ്ടാക്കിയില്ലെങ്കിലും കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്കു ദേശീയ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ മുന്നറിയിപ്പു നല്‍കി. കേരളം കൂടാതെ തമിഴ്‌നാട്‌, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്‌ സംസ്ഥാനങ്ങള്‍ക്കും ലക്ഷദ്വീപിനുമാണ്‌ മുന്നറിയിപ്പ്‌ നല്‍കിയിട്ടുള്ളത്‌. മണിക്കൂറില്‍ 70-80 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന കാറ്റ്‌ 90 കിലോമീറ്റര്‍ വേഗമാര്‍ജിക്കുമെന്നും മുന്നറിയിപ്പുണ്ട്‌. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകള്‍ക്കാണ്‌ മുന്നറിയിപ്പ്‌. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിനു നിയന്ത്രണമുണ്ട്‌. ലക്ഷദ്വീപ്‌ ഭാഗത്തേക്കു മത്സ്യബന്ധനം ഒഴിവാക്കണം. സാഗര്‍ ചുഴലിക്കാറ്റ്‌ യെമന്‍ തീരത്ത്‌ ആഞ്ഞടിക്കുമ്പോള്‍ അറബിക്കടല്‍ ഇന്നും നാളെയും പ്രക്ഷുബ്ധമാകും. കേരളത്തിലും ലക്ഷദ്വീപിലും അടുത്ത 24 മണിക്കൂറില്‍ ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌.