Breaking News

Trending right now:
Description
 
Feb 06, 2013

സൗമ്യയോടും ഡല്‍ഹി പെണ്‍കുട്ടിയോടും കരുണകാട്ടിയ സമൂഹം ഇവളെ വെറുത്തത്‌ എന്തിന്‌.....

image വിടരും മുമ്പേ കൊഴിഞ്ഞ പൂമൊട്ടുകളാണ്‌ സൗമ്യയും ഡല്‍ഹി പെണ്‍കുട്ടിയും. ആകാശത്തിലെ നക്ഷത്രങ്ങളെ മനം നിറയെ കാണുന്നതിന്‌ മുമ്പ്‌ നിലാവിന്റെ സുഖമുള്ള ഓര്‍മ്മകള്‍ നെഞ്ചിലേറ്റി ആരും കാണാതെ താലോലിക്കാന്‍ അവസരം നല്‌കാതെ അവര്‍ കടന്നു പോയി. 

സൗമ്യ നമ്മെ വിട്ട്‌ പിരിഞ്ഞിട്ട്‌ രണ്ടു വര്‍ഷം. ഇന്ന്‌ ഇത്തിരി കണ്ണുനീര്‍ വീഴിക്കാം അവളുടെ ആത്മശാന്തിയ്‌ക്കായി. അവള്‍ ക്രൂരമായി ഒരു ഒറ്റകയ്യന്റെ ക്രൂര പീഡനത്തിന്‌ ഇരയായി ജിവന്‍ ബലികഴിച്ചവളാണ്‌. സൗമ്യ നീ മരിച്ചത്‌ നന്നായി. ഇല്ലെങ്കില്‍ ഈ സമൂഹം നിന്നെ ഏകാന്തതയുടെ തടവറയിലേയ്‌ക്ക്‌, മിനുസമുള്ള റോസമുള്ളുകള്‍ പോലെയുള്ള വാക്കുകള്‍ കൊണ്ട്‌, നോട്ടം കൊണ്ട്‌ നിന്നെ ശിക്ഷിച്ചേനെ. ഡല്‍ഹി പെണ്‍കുട്ടിയുടെയും അവസ്ഥ ഇതു തന്നെയാകുമായിരുന്നു.അവള്‍ എത്ര നിര്‍ഭയയാണെങ്കിലും. 

കാരണം ഉണ്ട്‌ സൂര്യനെല്ലിയിലെ പെണ്‍കുട്ടിയെ സമൂഹം നടത്തുന്ന ചില പോസ്‌റ്റ്‌മാര്‍ട്ടകാഴ്‌ചകള്‍ സ്‌ത്രീ തനിക്ക്‌ അപമാനം നേരിട്ടാല്‍ ഒരിക്കലും പ്രതികരിക്കരുതെന്ന്‌ ഓര്‍മ്മിപ്പിക്കുന്നുവെന്ന്‌ പറയാതെ വയ്യ. ഒരു വ്യാഴവട്ടകാലമായി സൂര്യനെല്ലിയിലെ കൗമരക്കാരി ചാപല്യക്കാരിയായ ഒരു കൗമാരക്കാരിയായി ഇന്നും നമ്മുടെ മുമ്പില്‍ നില്‌ക്കുകയാണ്‌. അവള്‍ സ്‌ത്രീയായി, യൗവനത്തിന്റെ നിറമുള്ള നിലാവുകളില്‍ ഇരുള്‍ പരന്ന്‌ ഏകാന്തയുടെ കഠിനമായ ഇരുട്ട്‌ സ്വയം തീര്‍ത്ത്‌ അവള്‍ ജീവിക്കുകയാണ്‌. അത്‌ നാം കാണുന്നില്ല. 

പ്രണയം നിറച്ച നക്ഷത്ര കണ്ണുകള്‍ അവള്‍ക്ക്‌ കൈമോശം വന്നു പോയിരിക്കുന്നു. ജീവിതത്തെ ഭയക്കുകയാണ്‌. ഒരു പതിനാറുകാരി കൃത്യതയോടെ തന്നെ പീഡിപ്പിച്ചവരുടെ മേല്‍വിലാസം കുറിച്ച്‌ വയ്‌ക്കാഞ്ഞത്‌, സമയവും തെളിവും ശേഖരിക്കാഞ്ഞതിനാല്‍ അവളിന്ന്‌ തെറ്റുകാരിയാണ്‌. 

സ്‌ത്രീ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ മൊഴികള്‍ക്ക്‌ പ്രാധാന്യമുണ്ടെന്ന്‌ അതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുമെന്നുമാണ്‌ നിയമം പറയുന്നത്‌. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അത്തരം ഒരു സുരക്ഷിതത്വം നിയമ വ്യവസ്ഥിതിയുടെ ഭാഗത്തൂന്ന്‌ ഉണ്ടാവുന്നില്ല. അവള്‍ അതിക്രൂരമായി അപമാനിക്കപ്പെടുന്നു. പീഡനക്കേസില്‍ നിന്ന്‌ ജീവിത്തിലേയ്‌ക്ക്‌ മടങ്ങി വന്നാല്‍ അപമാനത്തിന്റെ നെരിപ്പോടില്‍ നീറി ജീവിക്കാനാണ്‌ വിധി.
വിതുരക്കേസില്‍ തന്നെ കോടതിയില്‍ കയറ്റി അപമാനിക്കരുതെന്ന്‌ പറയുന്ന സ്‌ത്രീയുടെ സാഹചര്യം നിര്‍ഭാഗ്യകരമാണ്‌. തനിക്ക്‌ നഷ്ടപരിഹാരം വേണ്ട ജീവിക്കാന്‍ അനുവദിച്ചാല്‍ മതി എന്ന സ്‌ത്രീ അപേക്ഷ നിയമവ്യവസ്ഥയുടെ ന്യൂനതകളിലേയ്‌ക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. 

വേട്ടകാരന്‍ താരമാകുകയും പെണ്ണുടലുകള്‍ പുരുഷന്റെ നോട്ടത്തില്‍ പോലും കീറിമുറിക്കാന്‍ പാകപ്പെടുത്തുകയും ചെയ്യുന്ന, സാംസ്‌കാരിക വ്യവസ്ഥിതിയുടെ ഈ ലോകത്തില്‍ ജീവിച്ചിരിക്കെ അന്ധകാരഗൃഹത്തില്‍ അടയ്‌ക്കപ്പെട്ട സൂര്യനെല്ലി പെണ്‍കുട്ടിയ്‌ക്ക്‌ വേണ്ടി , സൗമ്യ, നീ അങ്ങ്‌ ദേവലോകത്തെങ്കില്‍ പ്രാര്‍ത്ഥിക്കുക. നമ്മുടെ കോടാനുകോടി ദൈവങ്ങളെങ്കിലും നീതി നടത്തി കൊടുക്കട്ടെ ഇവള്‍ക്ക്‌.