Breaking News

Trending right now:
Description
 
May 18, 2018

ഗവര്‍ണര്‍ തുണച്ചു; യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്‌തു

image പ്രതിസന്ധിക്കിടെ കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു. ബി.എസ്‌.യെദിയൂരപ്പ 23-ാമത്‌ മുഖ്യമന്ത്രിയായി വ്യാഴാഴ്‌ച സത്യപ്രതിജ്ഞ ചെയ്‌തു. രാജ്‌ഭവനില്‍ ഗവര്‍ണര്‍ വാജുഭായ്‌ വാല സത്യവാചകം ചൊല്ലിക്കൊടുത്തു. 15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാ ഗവര്‍ണര്‍ യെദിയൂരപ്പയോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. യെദിയൂരപ്പ മാത്രമാണ്‌ സത്യപ്രതിജ്ഞ ചെയ്‌തത്‌. മന്ത്രിസഭ രൂപീകരിക്കാന്‍ യെദിയൂരപ്പടെ ഗവര്‍ണര്‍ ക്ഷണിച്ചതില്‍ കോണ്‍ഗ്രസ്‌-ജെഡിഎസ്‌ പ്രതിഷേധമുണ്ടാക്കുമെന്നു കരുതി രാജ്‌ഭവനു മുമ്പിലും സംസ്ഥാന തലസ്ഥാനത്തും വന്‍ സുരക്ഷയാണ്‌ ഒരുക്കിയിരുന്നത്‌. കര്‍ണാടകയില്‍ ബി.എസ്‌.യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്‌ തടയാനാവില്ലെന്നു സുപ്രീംകോടതി അറിയിച്ചിരുന്നു. വ്യാഴാഴ്‌ച പുലര്‍ച്ചെ രണ്ടുമണിക്കൂറിലേറെ നീണ്ട മാരത്തോണ്‍ വാദത്തിനുശേഷം വാക്കാലാണ്‌ കോടതി ഇക്കാര്യം പരാമര്‍ശിച്ചത്‌. മന്ത്രിസഭ രൂപീകരണത്തിനു അവകാശവാദം ഉന്നയിച്ച്‌ യെദിയൂരപ്പ ഗവര്‍ണര്‍ക്കു നല്‍കിയ കത്തുകളുടെ ഉള്ളടക്കം പരിശോധിച്ചായിരിക്കും കോടതിയുടെ അന്തിമതീരുമാനം. അന്തിമ തീരുമാനം ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ്‌ മുഖ്യമന്ത്രിമാത്രം ചുമതലയേറ്റത്‌. തങ്ങള്‍ക്കാണ്‌ ഭൂരിപക്ഷമെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്‌, ജെഡിഎസ്‌ സഖ്യം നല്‍കി ഹര്‍ജി സുപ്രീംകോടതി ഇന്നു പരിഗണിക്കും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ തങ്ങള്‍ക്കു ഭൂരിപക്ഷമുണ്ടെന്ന്‌ അറിയിച്ച്‌ ഗവര്‍ണര്‍ക്കു മുമ്പില്‍ യെദിയൂരപ്പ ഹാജരാക്കിയ കത്ത്‌ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌. തിരഞ്ഞെടുപ്പില്‍ ബിജെപിക്ക്‌ 104 സീറ്റും കോണ്‍ഗ്രസ്‌-ജെഡിഎസിന്‌ 117 സീറ്റുമാണ്‌ ലഭിച്ചത്‌. ഫലപ്രഖ്യാപനം ഉണ്ടായതോടെയാണ്‌ കോണ്‍ഗ്രസ്‌-ജെഡിഎസ്‌ സഖ്യമുണ്ടാക്കിയത്‌. കോണ്‍ഗ്രസ്‌-ജെഡിഎസ്‌ സര്‍ക്കാര്‍ രൂപികരിക്കാന്‍ അവകാശവാദം ഉന്നയിച്ചെങ്കിലും ഗവര്‍ണര്‍ ബിജെപിയെയാണ്‌ ക്ഷണിച്ചത്‌. 117നേക്കാള്‍ വലുതാണ്‌ 104 എന്ന്‌ ഗവര്‍ണര്‍ തീരുമാനിച്ചതെങ്ങനെയെന്നും ഭൂരിപക്ഷം തെളിയിക്കാന്‍ ഏഴുദിവസം ചോദിച്ച യെദിയൂരപ്പയ്‌ക്ക്‌ 15ദിവസം നല്‍കിയതും ഏറെ വിവാദം ഉണ്ടാക്കിയിരുന്നു.