May 15, 2018
ശബരിമല വലിയതന്ത്രി കണ്ഠരര് മഹേശ്വരര് അന്തരിച്ചു
ശബരിമല വലിയതന്ത്രി താഴമണ്‍മഠം കണ്ഠരര് മഹേശ്വരര് (91) അന്തരിച്ചു.
ചെങ്ങന്നൂരിലെ മുണ്ടന്‍കാവിലെ താഴമണ്‍മഠത്തില്‍ തിങ്കളാഴ്ച
ഉച്ചയ്ക്കായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന്
വിശ്രമത്തിലായിരുന്നു. ശബരിമലയിലെ തീപിടിത്തത്തെ തുടര്‍ന്ന് 1951-ല്‍
പുനപ്രതിഷ്ഠ നടത്തിയപ്പോള്‍ സഹകാര്‍മികനായിരുന്ന മഹേശ്വരര് ആണ് അന്നു
മാളികപ്പുറത്തമ്മയുടെ പ്രതിഷ്ഠ നടത്തിയത്. രാജ്യത്തും വിദേശത്തുമായി
മുന്നൂറോളം ക്ഷേത്രങ്ങളില്‍ അദ്ദേഹം പ്രതിഷ്ഠനടത്തിയിട്ടുണ്ട്.
ഉപനയത്തിനുശേഷം മൂന്നുവര്‍ഷം കുലദൈവ സന്നിധിയായ ചെങ്ങന്നൂര്‍ മഹാദേവ
ക്ഷേത്രത്തില്‍ ഭജനമിരുന്നു. ഇക്കാലയളവില്‍ തന്ത്രി കണ്ഠരര്
ശങ്കരരില്നിന്നാണ് താന്ത്രികവിദ്യയുടെ ബാലപാഠങ്ങള്‍ സ്വായത്തമാക്കിയത്.
തന്ത്രി കണ്ഠര് പരമേശ്വരരുടെയും സുഭദ്രാദേവി അന്തര്‍ജനത്തിന്റെയും മകനായി
1927 ജൂലൈ 28നാണ് ജനിച്ചത്. കുഴിക്കാട്ട് ഇല്ലത്ത് ദേവകി
അന്തര്‍ജനമാണ് ഭാര്യ. തന്ത്രി കണ്ഠര് മോഹനര്, മല്ലിക, ദേവിക എന്നിവര്‍
മക്കളാണ്.