Breaking News

Trending right now:
Description
 
May 14, 2018

ഇന്തൊനീഷ്യയില്‍ മൂന്നു ക്രിസ്‌ത്യന്‍ പള്ളികളില്‍ ചാവേര്‍ സ്‌ഫോടനം: 13 മരണം

image ഇന്തൊനീഷ്യയിലെ കിഴക്കന്‍ ജാവ പ്രവിശ്യയില്‍ മൂന്നു ക്രിസ്‌ത്യന്‍ പള്ളികില്‍ മാതാപിതാക്കളും നാലുമക്കളും അടങ്ങുന്ന ചാവേറുകള്‍ നടത്തിയ സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. അമ്പതോളം പേര്‍ക്ക്‌ പരുക്ക്‌. സെന്റ്‌ മേരീസ്‌ റോമന്‍ കാത്തലിക്‌ പള്ളിയിലാണ്‌ ആദ്യ സ്‌ഫോടനം നടന്നത്‌. ഞായറാഴ്‌ച രാവിലെ ഒന്നാമത്തെ കുര്‍ബാന കഴിഞ്ഞയുടന്‍ ബോംബുകള്‍ മടിയില്‍വച്ചു ബൈക്കിലെത്തിയ പതിനെട്ടും പതിനാറും വയസുള്ള രണ്ടു പേര്‍ ചാവേറുകളാവുകയായിരുന്നു. ഇവിടെ ഉണ്ടായ സ്‌ഫോടനത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. ഏറെസമയം കഴിയുംമുമ്പ്‌ ദിപൊനെ ഗൊരൊ പള്ളിയില്‍ അമ്മയും പന്ത്രണ്ടും ഒന്‍പതും വയസുള്ള പെണ്‍മക്കളാണ്‌ ചാവേറുകളായത്‌. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗിനുള്ളില്‍ ഉണ്ടായിരുന്ന സ്‌ഫോടകവസ്‌തുക്കള്‍ പൊട്ടിത്തെറിച്ചാണ്‌ ദിപൊനെ ഗൊരൊ പള്ളിയില്‍ ദുരന്തമുണ്ടായത്‌. സ്‌ഫോടകവസ്‌തുക്കള്‍ നിറച്ച കാറുമായി പെന്തെക്കോസ്‌തു പള്ളിയുടെ കവാടത്തിലേക്ക്‌ ഓടിച്ചുകയറ്റിയായിരുന്നു മൂന്നാമത്തെ സ്‌ഫോടനം. ആദ്യ സ്‌ഫോടനങ്ങള്‍ നടത്തിയവരുടെ പിതാവായിരുന്നു കാര്‍ ഓടിച്ചിരുന്നത്‌. ചാവേറുകളായ മാതാപിതാക്കളും നാലുമക്കളും ഭീകരസംഘടനയായ ഐഎസ്‌ അനുഭാവികളാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്‌. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ്‌ ഏറ്റെടുത്തു.