Breaking News

Trending right now:
Description
 
May 12, 2018

സ്‌കൂള്‍ തുറക്കും മുന്‍പ്‌ ഗതാഗത തടസങ്ങള്‍ നീക്കം ചെയ്യണമെന്ന്‌ ടി.ആര്‍.എ

image ആലപ്പുഴ: പട്ടണത്തിലെ സ്‌കൂളുകള്‍ക്കു സമീപമുള്ള എല്ലാവിധ ഗതാഗതതടങ്ങളും വേനലവധിക്കാലത്തു തന്നെ നീക്കം ചെയ്‌ത്‌ മഴക്കാലത്ത്‌ സ്‌കൂള്‍ തുറക്കുമ്പോള്‍ ആരംഭിക്കുന്ന തിക്കും തിരക്കും അപകടങ്ങളും ഒഴിവാക്കണമെന്നു തത്തംപള്ളി റസിഡന്റ്‌സ്‌ അസോസിയേഷന്‍ (ടി.ആര്‍.എ) ആവശ്യപ്പെട്ടു. ശാസ്‌ത്രീയമായ നിയന്ത്രണങ്ങളില്ലാത്തതിനാല്‍ സ്‌കൂള്‍ പ്രവര്‍ത്തിദിനങ്ങളിലെല്ലാം തുടര്‍ച്ചയായ ഗതാഗതക്കുരുക്കാണ്‌ മുന്നിലുള്ള റോഡുകളില്‍. പല സ്‌കൂള്‍ വളപ്പുകളിലും അവിടെ എത്തുന്ന ഓട്ടോറിക്ഷകള്‍ക്കും മറ്റും പാര്‍ക്കിംഗിനു സ്ഥലമുണ്ടെങ്കിലും ഒരു സ്‌കൂളിലും അകത്തോട്ടു കയറ്റാതെ റോഡില്‍ പാര്‍ക്കു ചെയ്യിക്കുന്നതു വന്‍ ഗതാഗതക്കുരുക്കിനു വര്‍ഷം മുഴുവന്‍ കാരണമാകുന്നുണ്ട്‌. റോഡുവക്കുകളിലെ കുഴികള്‍ നികത്തി നിരപ്പാക്കിയാല്‍ വാഹനങ്ങള്‍ക്കു കടന്നു പോകുന്നതിനു കൂടുതല്‍ സൗകര്യമാകും. അടുത്തടുത്തു സ്‌കൂളുകള്‍ സ്ഥിതി ചെയ്യുന്നയിടങ്ങളില്‍ എല്ലാ സ്‌കൂളുകളും ഒരേ സമയത്തു വിടാതെ ഏതാനും മിനിട്ടുകള്‍ വ്യത്യാസത്തില്‍ വിട്ടാല്‍ റോഡിലെ വന്‍ തിരക്ക്‌ ഒരു പരിധിവരെ കുറയ്‌ക്കാന്‍ സാധിക്കും. സ്‌കൂള്‍ വിടുന്ന സമയങ്ങളില്‍ വിദ്യാര്‍ഥികളെ റോഡു കടത്തിവിടാന്‍ സ്റ്റുഡന്റ്‌സ്‌ പോലീസിന്റെ സേവനം സ്വീകരിക്കുകയും അവര്‍ക്കു വര്‍ഷം തോറും പ്രത്യേക സര്‍ട്ടിഫിക്കറ്റ്‌ നല്‌കുകയും വേണം.

ഓരോ സ്ഥലത്തെയും പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹാരം കണ്ടെത്താന്‍ അതാതു സ്ഥലത്തെ സ്‌കൂളുകള്‍, റസിഡന്റ്‌സ്‌ അസോസിയേഷനുകള്‍, വ്യാപാരി-വ്യവസായികള്‍ തുടങ്ങിയവരുടെ യോഗം ചേര്‍ന്നു തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ മുന്‍കൈയെടുക്കുകയാണ്‌ വേണ്ടതെന്നു ടി.ആര്‍.എ പ്രസിഡന്റ്‌ തോമസ്‌ മത്തായി കരിക്കംപള്ളില്‍ ചൂണ്ടിക്കാട്ടി. ഓരോ വിദ്യാഭ്യാസവര്‍ഷാരംഭംത്തിലും ഇക്കാര്യങ്ങള്‍ അധികൃതര്‍ക്കു മുമ്പാകെ സമര്‍പ്പിക്കുമെങ്കിലും പരിഗണിക്കാറില്ലെന്നും അദ്ദേഹം ആരോപിച്ചു.