Breaking News

Trending right now:
Description
 
May 10, 2018

കര്‍ണാടകയില്‍ ഇന്നു കൊട്ടിക്കലാശം; വോട്ടെടുപ്പ്‌ ശനിയാഴ്‌ച

image കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്‌ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ പരസ്യപ്രചരണത്തിന്‌ ഇന്നു വൈകിട്ട്‌ അഞ്ചിന്‌ കൊട്ടിക്കലാശത്തോടെ സമാപനം. തുടര്‍ന്നുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചരണത്തിനുള്ള സമയമാണ്‌. ശനിയാഴ്‌ച വോട്ടെടുപ്പും ചൊവ്വാഴ്‌ച വോട്ടെണ്ണലും നടക്കും. സംസ്ഥാനത്ത്‌ 4.96 കോടി വോട്ടര്‍മാരാണുള്ളത്‌. ഇവര്‍ക്കായി 56,600 പോളിങ്‌ കേന്ദ്രങ്ങളാണ്‌ സജ്ജമാക്കുന്നത്‌. തിരഞ്ഞെടുപ്പ്‌ സുരക്ഷയ്‌ക്കായി സംസ്ഥാനത്തെ ഒരുലക്ഷം പൊലീസുകാര്‍ക്കു പുറമേ 50,000 അര്‍ധസൈനികരെയും വിന്യസിപ്പിച്ചിട്ടുണ്ട്‌. ശനിയാഴ്‌ച രാവിലെ ഏഴുമുതല്‍ വൈകിട്ട്‌ ഏഴുവരെയാണ്‌ വോട്ട്‌ ചെയ്യാനുള്ള സമയം. അതേസമയം കഴിഞ്ഞദിവസങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസും പരസ്‌പരം പഴിചാരിയാണ്‌ പ്രചരണം നടത്തിയത്‌. കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉള്‍പ്പെടെ ഇരുവിഭാഗത്തിലെയും നേതാക്കാള്‍ പ്രചരണ രംഗത്തുണ്ട്‌. ഇരുകൂട്ടരും ശക്തിപ്രകടിപ്പിച്ച്‌ കൊട്ടിക്കലാശം നടത്തി ഇന്നു പരസ്യപ്രചരണം അവസാനിപ്പിക്കും. കോണ്‍ഗ്രസിനും ബിജെപിക്കും വിജയം ഒരുപോലെ പ്രധാനമാണ്‌. വരാനിരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്‌, ഛത്തീസ്‌ഗഡ്‌ സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ അധികാരം നിലനിര്‍ത്തുന്നതിനും അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിക്കുന്നതിനും ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കര്‍ണാടകത്തില്‍ വിജയം അനിവാര്യമാണ്‌. കോണ്‍ഗ്രസിനെ സംബന്ധിച്ച്‌ കര്‍ണാടകയില്‍ അധികാരം നിലനില്‍ത്തിയാല്‍ വരാനിരിക്കുന്ന നിയമസഭാ-ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ പൊരുതാനാവും.