Breaking News

Trending right now:
Description
 
May 10, 2018

പഴനി ദുരന്തം: ബന്ധുക്കളായ ഏഴുപേരുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

image പഴനി ശീന്തളപാടംപട്ടിക്കു സമീപം ബുധനാഴ്‌ച അര്‍ധരാത്രിയോടെ വാഹനാപകടത്തില്‍ മരിച്ച ബന്ധുക്കളായ ഏഴുപേരുടെയും മൃതദേഹങ്ങള്‍ ഇന്നലെ രാത്രി ആംബുലന്‍സുകളില്‍ മുണ്ടക്കയം കോരുത്തോട്‌ എത്തിച്ചു. കോരുത്തോട്‌ പാറയില്‍ പി.ആര്‍.ശശി (62), ഭാര്യ വിജയമ്മ (59), ചെറുമകന്‍ അഭിജിത്‌ (12), ശശിയുടെ സഹോദരി ലേഖ (48), ഭര്‍ത്താവ്‌ തുണ്ടത്തില്‍ സുരേഷ്‌ (52), മകന്‍ മനു (27), ബന്ധുവായ നിരപ്പേല്‍ ബാബുവിന്റെ ഭാര്യ സജിനി (53) എന്നിവരുടെ മൃതദേഹങ്ങളാണ്‌ ബുധനാഴ്‌ച രാത്രി നാട്ടിലെത്തിച്ചത്‌. മുണ്ടക്കയം മെഡിക്കല്‍ട്രസ്‌റ്റ്‌ ആശുപത്രി മോര്‍ച്ചറിയിലേക്ക്‌ മൃതദേഹങ്ങള്‍ മാറ്റി. അപകടത്തില്‍ പരുക്കേറ്റ അഭിജിത്തിന്റെ സഹോദരന്‍ ആദിത്യന്‍ (11) ഗുരുതര പരുക്കുകളോടെ മധുരയിലെ രാജാജി ആശുപത്രിയില്‍ ചികിത്സയിലാണ്‌. പഴനി മെഡിക്കല്‍കോളജില്‍ പോസ്‌റ്റുമോര്‍ട്ടം നടത്തിയാണ്‌ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചത്‌. ചൊവ്വാഴ്‌ച രാത്രി 11.15ന്‌ മധുര ദേശീയ പാത 209ല്‍ പഴനിക്കും ഡിണ്ടിഗലിനുമിടയിലാണ്‌ ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ ലോറിയിലേക്ക്‌ ഇടിച്ചുകയറിയത്‌. വണ്ടിയോടിച്ച സുരേഷ്‌ ഉറങ്ങിപ്പോയതാണ്‌ അപകടകരണമെന്നു കരുതുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിയില്‍ കുടുങ്ങിയ വാന്‍ ക്രെയിന്‍ ഉപയോഗിച്ചാണ്‌ വേര്‍പെടുത്തിയത്‌. ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക്‌ മൂന്നരയോടെയാണ്‌ തീര്‍ഥാടനത്തിനായി സംഘം പഴനിക്കു പുറപ്പെട്ടത്‌. ഇന്നുരാവിലെ ഒമ്പതിന്‌ കോരുത്തോട്‌ സികെഎം എച്ച്‌എസ്‌എസ്‌ സ്‌കൂളില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനു വയ്‌ക്കും. തുടര്‍ന്ന്‌ വസതികളില്‍ എത്തിച്ചു 11നു സംസ്‌കരിക്കും.