Breaking News

Trending right now:
Description
 
May 07, 2018

കാഷ്‌മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍: അഞ്ച്‌ ഭീകരരെ സൈന്യം വധിച്ചു

image ദക്ഷിണ കാഷ്‌മീരിലെ ഷോപിയാന്‍ ജില്ലയില്‍ സുരക്ഷാസൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചുഭീകരരെ സൈന്യം വധിച്ചു. ഹിസ്‌ബുല്‍ മുജാഹിദ്‌ കമാന്‍ഡര്‍ സദ്ദാം പദ്ദറും (26) കഴിഞ്ഞദിവസം ഇവര്‍ക്കൊപ്പം ചേര്‍ന്ന കാഷ്‌മീര്‍ സര്‍വകലാശാല അസിസ്റ്റന്റ്‌ പ്രഫസര്‍ മുഹമ്മദ്‌ റാഫി ഭട്ടും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. ഏറ്റുമുട്ടല്‍ മേഖലയില്‍ സൈന്യത്തിനു നേര്‍ക്കു കല്ലെറിഞ്ഞ ജനക്കൂട്ടത്തെ പിരിച്ചുവിടാനുള്ള ശ്രമത്തിനിടെയാണ്‌ നാട്ടുകാരായ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക്‌ പരുക്കേറ്റു. ഇവരെ സൈന്യം ആശുപത്രിയിലേക്ക്‌ മാറ്റി. നാട്ടുകാര്‍ മരിച്ച സാഹചര്യത്തില്‍ കൂടുതല്‍ പ്രശ്‌നം ഉണ്ടാകാനിടയുള്ളതിനാല്‍ പ്രദേശത്ത്‌ സുരക്ഷ ശക്തമാക്കി. ശ്രീനഗറിലെ ചാതാബാലില്‍ മൂന്ന്‌ ഭീകരരെ വധിച്ച്‌ 24 മണിക്കൂര്‍ പിന്നിടുംമുമ്പാണ്‌ ഷോപിയാനില്‍ ഏറ്റുമുട്ടല്‍ നടന്നത്‌. രണ്ടുദിവസങ്ങളിലായി എട്ടുഭീകരരെ വധിക്കാന്‍ സൈന്യത്തിനു കഴിഞ്ഞു. മുഹമ്മദ്‌ റാഫി ഭട്ടിനോടു കീഴടങ്ങാന്‍ സൈന്യം പലതവണ ആവശ്യപ്പെട്ടിരുന്നു. ഏറ്റുമുട്ടല്‍ സ്ഥലത്ത്‌ ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ എത്തിച്ചും സൈന്യം കീഴടങ്ങാന്‍ അഭ്യര്‍ഥിച്ചിട്ടും ഫലമുണ്ടായില്ല. ഏറ്റുമുട്ടലില്‍ രണ്ടു പൊലീസുകാര്‍ക്കും സൈനികനും നിസാരപരുക്കേറ്റു. ഏറ്റുമുട്ടല്‍ പുരോഗമിക്കുന്നതിനിടെ ജനക്കൂട്ടം സുരക്ഷാസേനയ്‌ക്കുനേരെ കല്ലെറിഞ്ഞ്‌ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.