Breaking News

Trending right now:
Description
 
May 06, 2018

ഫോമയില്‍ രണ്ടാംതലമുറ അനിവാര്യം

image ഫോമ രൂപീകൃതമായശേഷം ഒരു ദശാബ്ദം പിന്നിട്ട്‌ ജൈത്രയാത്ര തുടരുന്ന ഈ അവസരത്തില്‍ ഒരു ദേശീയസംഘടന എന്ന നിലയില്‍ ചില മാറ്റങ്ങള്‍ കാലഘട്ടത്തിന്റെ അനിവാര്യത ആണെന്നു മുന്‍ ഫോമ പ്രസിഡന്റ്‌ ആനന്ദന്‍ നിരവേല്‍ അഭിപ്രായപ്പെട്ടു. അമേരിക്കന്‍ മലയാളി സമൂഹത്തിന്‌ ഒഴിച്ച്‌ കൂടാന്‍ സാധിക്കാത്ത നിലയില്‍ ഫോമ കഴിഞ്ഞ കാലയളവില്‍ വളര്‍ന്നുകഴിഞ്ഞു. സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലയില്‍ ഫോമ നടത്തിയ ചുവടുവയ്‌പ്‌ അംഗീകരിക്കപ്പെടേണ്ടത്‌ തന്നെ. കഴിവും ചുറുചുറുക്കുമുള്ള ചെറുപ്പക്കാര്‍ ഫോമ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്‌ സന്തോഷം തരുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു. ഫോമ കണ്‍വന്‍ഷന്‍ രണ്ട്‌ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ കേളികൊട്ടാവുമെന്നത്‌ നല്ലതുതന്നെ. കഴിഞ്ഞ രണ്ടുവര്‍ഷത്തെ ഭരണസമിതി നല്ല രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവച്ചു. കഴിഞ്ഞ രണ്ടുവര്‍ഷത്തെ വിമന്‍സ്‌ ഫോറം പ്രവര്‍ത്തനങ്ങള്‍ എടുത്തുപറയേണ്ടതുണ്ട്‌. നഴ്‌സിങ്‌ വിദ്യാര്‍ഥികള്‍ക്ക്‌ നല്‍കിയ സ്‌കോളര്‍ഷിപ്പും അശരണര്‍ക്ക്‌ സാന്ത്വനമേകിയ പാലിയേറ്റീവ്‌ കെയര്‍ പ്രവര്‍ത്തനങ്ങളും ശ്ലാഘനീയംതന്നെ. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന കുട്ടികള്‍, രണ്ടാംതലമുറയുടെ വ്യക്താക്കള്‍ ഫോമപ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നു. വിമന്‍സ്‌ ഫോറം സെക്രട്ടറി രേഖ നായര്‍ പുതിയ തലമുറയുടെ വക്താവാണ്‌. ഫോമയ്‌ക്ക്‌ മഹത്തായ പാരമ്പര്യമുണ്ട്‌. കാഴ്‌ചപ്പാടുകള്‍ ഉണ്ട്‌. അവ നടപ്പിലാക്കാനുള്ള സംവിധാനങ്ങളുണ്ട്‌. സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ മുന്നോട്ടുവരുന്ന രണ്ടാംതലമുറയില്‍പെട്ടവരെ രണ്ട്‌ കൈയും നീട്ടി സ്വീകരിക്കാന്‍ ഫോമ ഡെലിഗേറ്റുകള്‍ തയാറാകണം. ഇത്‌ ഈ സംഘടനയുടെ മുന്നോട്ടുള്ള പ്രയാണത്തിന്‌ അത്യന്താപേക്ഷിതമാണെന്നും ആനന്ദന്‍ നിരവേല്‍ വ്യക്തമാക്കി.