Breaking News

Trending right now:
Description
 
May 01, 2018

അഫ്‌ഗാനില്‍ ഇരട്ട ചാവേര്‍ സ്‌ഫോടനം: 37 മരണം

image അഫ്‌ഗാനിസ്ഥാന്റെ തലസ്ഥാന നഗരമായ കാബൂളില്‍ ഐഎസ്‌ ഭീകരര്‍ നടത്തിയ ഇരട്ട ചാവേര്‍ സ്‌ഫോടനങ്ങളില്‍ ഒമ്പത്‌ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 37 പേര്‍ കൊല്ലപ്പെട്ടു. നാറ്റോ ആസ്ഥാനത്തിനും എംബസികള്‍ക്കും സമീപം സെന്‍ട്രല്‍ ഷാഷ്‌ദരക്‌ മേഖലയിലാണ്‌ ഇരട്ട ചാവേര്‍ സ്‌ഫോടന നടന്നത്‌. ആദ്യ ചാവേര്‍ ബൈക്കിലാണ്‌ എത്തിയത്‌. ഉഗ്ര സ്‌ഫോടനം നടന്നതോടെ സംഭവസ്ഥലത്തു എത്തിയവരെ ലക്ഷ്യമാക്കിയിരുന്നു രണ്ടാമത്തെ സ്‌ഫോടനം. മാധ്യമപ്രവര്‍ത്തക സംഘത്തിനൊപ്പം നടന്നെത്തിയ ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഫ്രഞ്ച്‌ വാര്‍ത്താ ഏജന്‍സിയായ എഎഫ്‌പിയുടെ ചീഫ്‌ ഫോട്ടോഗ്രാഫര്‍ ഷാ മറായിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. ഇരുസ്‌ഫോടനങ്ങളിലുമായി ഒട്ടേറെ പേര്‍ക്ക്‌ പരുക്കുണ്ട്‌. ഇരട്ടസ്‌ഫോടനങ്ങള്‍ നടന്നു മണിക്കൂറുകള്‍ക്കകം കാണ്ഡഹാറില്‍ നാറ്റോ സൈനിക വാഹനവ്യൂഹത്തെ ലക്ഷ്യമിട്ടു നടന്ന കാര്‍ബോംബ്‌ സ്‌ഫോടനത്തില്‍ 11 കുട്ടികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്‌. സൈനിക വാഹനങ്ങള്‍ക്കു സമീപം റോഡരികിലെ മതപഠനശാലയിലെ കുട്ടികള്‍ കൂട്ടംകൂടിനില്‍കുമ്പോഴായിരുന്നു സ്‌ഫോടനം. അഞ്ചു സൈനികരടക്കം 16 പേര്‍ക്ക്‌ പരുക്കേറ്റു. അഫ്‌ഗാനിസ്ഥാന്റെ കിഴക്കന്‍ പ്രവിശ്യയായ ഖോസ്‌തില്‍ നടന്ന മറ്റൊരു ആക്രമണത്തില്‍ ബിബിസി റിപ്പോര്‍ട്ടര്‍ അഹമദ്‌ ഷായും കൊല്ലപ്പെട്ടു.