Breaking News

Trending right now:
Description
 
Apr 30, 2018

ലിഗയെ കൊലപ്പെടുത്തിയത്‌ മൂന്നുപേര്‍ ചേര്‍ന്ന്‌; അറസ്റ്റ്‌ ഉടന്‍

image വിദേശ വനിത ലിഗയെ കൊലപ്പെടുത്തിയത്‌ കോവളത്ത്‌ ലഹരി വില്‍പ്പന നടത്തുന്ന സംഘത്തിലെ മൂന്നുപേര്‍. ഇതുസംബന്ധിച്ച്‌ അന്വേഷണ സംഘത്തിനു വ്യക്തമായ തെളിവു ലഭിച്ചുവെന്നാണ്‌ സൂചന. ഫൊറന്‍സിക്‌ പരിശോധനഫലം വന്നശേഷം അറസ്റ്റ്‌ നടക്കും. കേസുമായി അഞ്ചുപേരെ കസ്റ്റഡിയില്‍ എടുത്തിരുന്നുവെങ്കിലും ഒരാളെ പൊലീസ്‌ വിട്ടയച്ചു. യോഗപരിശീലകനെന്ന വ്യാജേന ലഹരിക്കച്ചവടത്തില്‍ പ്രവര്‍ത്തിക്കുന്ന ആളെയാണ്‌ വിട്ടയച്ചത്‌. എന്നാല്‍, ഇയാള്‍ പൊലീസ്‌ നിരീക്ഷണത്തിലാണ്‌. പനത്തുറ വടക്കേക്കുന്ന്‌ സ്വദേശികളായ സഹോദരന്മാര്‍ ഉള്‍പ്പെടെ നാലുപേരാണ്‌ ഇപ്പോള്‍ പൊലീസ്‌ കസ്റ്റഡിയിലുള്ളത്‌. കസ്റ്റഡിയിലെടുത്ത അഞ്ചുപേരുടെയും മൊഴികള്‍ തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്നാണ്‌ പൊലീസ്‌ നല്‍കുന്ന സൂചന. കസ്റ്റഡിയില്‍ ഉള്ളവര്‍ കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തിട്ടുണ്ടെന്നാണ്‌ പൊലീസ്‌ നിഗമനം. കഴിഞ്ഞ 14ന്‌ കോവളത്ത്‌ എത്തിയ ലിഗയെ ടൂറിസ്‌റ്റ്‌ ഗൈഡായി എത്തിയ ആള്‍ പിന്തുടരുകയും കായല്‍ക്കാഴ്‌ചകള്‍ കാണിക്കാനെന്ന വ്യാജേന ഫൈബര്‍ ബോട്ടില്‍ പനത്തുറയ്‌ക്കു സമീപം കണ്ടല്‍കാട്ടില്‍ എത്തിക്കുകയും ചെയ്‌തു. ഇയാള്‍ സുഹൃത്തുക്കളെ കൂട്ടി. തുടര്‍ന്നു മാനഭംഗശ്രമത്തിനിടെ ചെറുത്തുനിന്ന ലിഗയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയും കാട്ടുവള്ളിയില്‍ ശരീരം കെട്ടിത്തൂക്കുകയുമായിരുന്നു. പിന്നീട്‌ വള്ളിപൊട്ടി ശരീരം താഴെവീണപ്പോഴാണ്‌ ശിരസ്‌ വേര്‍പെട്ടു പോയതെന്നാണ്‌ പൊലീസ്‌ നിഗമനം.