Breaking News

Trending right now:
Description
 
Apr 28, 2018

കിം ലോകത്തോട്‌ പ്രഖ്യാപിച്ചു; ഇനി തെറ്റ്‌ ആവര്‍ത്തിക്കില്ല

image സമാധാനവും നിരായുധീകരണവും ലക്ഷ്യംവയ്‌ക്കുന്ന ധാരണയില്‍നിന്നു പിന്നോട്ടുപോകില്ലെന്നു ഉത്തരകൊറിയയിലെ കമ്യൂണിസ്‌റ്റ്‌ ഏകാധിപതി കിം ജോങ്‌ ഉന്‍ ഇന്നലെ നടന്ന കൊറിയന്‍ ഉച്ചകോടിയില്‍ ലോകത്തിനു ഉറപ്പുനല്‍കി. പലതവണ ഉണ്ടായ തെറ്റ്‌ ഇനി ആവര്‍ത്തിക്കില്ലെന്നു അദ്ദേഹം വ്യക്തമാക്കി. കിം ഇന്നലെ നടത്തിയത്‌ ലോകത്തോടുള്ള ആദ്യത്തെ പ്രസംഗമായിരുന്നു. കിം ഇതുവരെ സംസാരിച്ചിട്ടുള്ളത്‌ ഉത്തരകൊറിയയുടെ ആഭ്യന്തര ചടങ്ങുകളില്‍ മാത്രമാണ്‌. ഇവിടെ നില്‍ക്കുമ്പോള്‍ എനിക്കു കാണാം രണ്ടു കൊറിയകളിലെയും ജനങ്ങള്‍ ഒന്നുതന്നെയാണ്‌ എന്ന്‌. അവരെ വേര്‍പിരിക്കാനാവില്ല. നമ്മള്‍ ഒന്നാണ്‌. നമ്മള്‍ ഐക്യത്തോടെ കഴിയണം.സമീപഭാവിയില്‍ തന്നെ നമുക്ക്‌ ഏറ്റവും സമാധാനത്തോടെ ജീവിക്കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കാം-കിം വ്യക്തമാക്കി. ഇരുകൊറിയകളുടെയും ഭരണത്തലവന്മാരുടെ കൂടിക്കാഴ്‌ചയില്‍ ആണവായുധ നിര്‍മാര്‍ജനമായിരുന്നു പ്രധാന വിഷയം. ആണവനിരായുധീകരണം എങ്ങനെ, എത്രത്തോളം, എത്രസമയത്തിനുള്ളില്‍ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയുണ്ടായിട്ടില്ല. പൂര്‍ണമായി ആണവമുക്തമായ കൊറിയന്‍ ഉപദ്വീപ്‌ യാഥാര്‍ത്ഥ്യമാക്കാന്‍ ഞാനും കിമ്മും ശപഥം ചെയ്യുന്നു എന്നാണ്‌ ദക്ഷിണകൊറിയന്‍ പ്രസിഡന്റ്‌ മൂണ്‍ ജേ ഇന്‍ വ്യക്തമാക്കിയത്‌. അടുത്തമാസം നടക്കുന്ന യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപും കിം ജോങ്‌ ഉന്നും തമ്മിലുള്ള കൂടിക്കാഴ്‌ചയില്‍ ഇതുസംബന്ധിച്ചു കൂടുതല്‍ വ്യക്തതയുണ്ടാകും. ഉത്തരകൊറിയ ആണവായുധങ്ങള്‍ ഒഴിവാക്കുമെന്നു ഉറപ്പുണ്ടെങ്കില്‍ മാത്രമേ കൂടിക്കാഴ്‌ചയ്‌ക്ക്‌ തയാറാകൂ എന്നു ട്രംപ്‌ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.