Breaking News

Trending right now:
Description
 
Apr 28, 2018

സിവില്‍ സര്‍വീസ്‌: അനുദീപ്‌ ദുരിഷെട്ടിക്ക്‌ ഒന്നാം റാങ്ക്‌

image സിവില്‍ സര്‍വീസ്‌ പരീക്ഷയില്‍ ഹൈദരാബാദ്‌ സ്വദേശി അനുദീപ്‌ ദുരിഷെട്ടിക്ക്‌ ഒന്നാം റാങ്ക്‌ നേടി. ഹരിയാന സോനിപ്പത്ത്‌ സ്വദേശി അനു കുമാരി രണ്ടാം റാങ്കും സച്ചിന്‍ ഗുപ്‌ത മൂന്നാം റാങ്കും സ്വന്തമാക്കി. ആദ്യത്തെ പത്തുറാങ്കുകളില്‍ ഇത്തവണയും മലയാളികള്‍ ഇല്ല. ആദ്യ 25 റാങ്കില്‍ എട്ടുപേര്‍ വനിതകളാണ്‌. പൂര്‍ണമായും കാഴ്‌ചയില്ലാത്ത ബെനോ സെഫൈന്‍, ദിവ്യാംഗവിഭാഗത്തില്‍പ്പെട്ട സൗമ്യ ശര്‍മ എന്നിവര്‍ ആദ്യറാങ്കുകളിലെത്തി ചരിത്രം സൃഷ്ടിച്ചു. ദേശീയതലത്തില്‍ പതിനാറാം റാങ്ക്‌ നേടിയ ശിഖ സുരേന്ദ്രന്‍ ആണു കേരളത്തില്‍ ഒന്നാമത്‌. കോഴഞ്ചേരി വടയമ്പാടി കാവനാക്കുടിയില്‍ സുരേന്ദ്രന്റെയും സിലോയുടെയും മകളാണ്‌. ഏഴു സെന്റിലെ കൊച്ചുവീട്ടില്‍ ജീവിത പ്രതിസന്ധികളെ അതിജീവിച്ചാണ്‌ ശിഖാ ഈ സ്ഥാനത്ത്‌ എത്തിയത്‌. കോഴിക്കോട്‌ ബേപ്പൂര്‍ ചിത്രാഞ്‌ജലി കെ.പി.സുരേന്ദ്രന്റെയും ദേവയുടെയും മകള്‍ എസ്‌.അഞ്‌ജലിക്ക്‌ 26-ാം റാങ്കും കോട്ടയം കഞ്ഞിക്കുഴി പള്ളിപ്പറമ്പില്‍ എസ്‌.സമീരയ്‌ക്ക്‌ 28-ാം റാങ്കും ലഭിച്ചു. പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ മകന്‍ രമിത്‌ ചെന്നിത്തല 210-ാം റാങ്ക്‌ നേടി. ഒബിസി വിഭാഗത്തില്‍നിന്നു അനുദീപ്‌ ഒന്നാം റാങ്ക്‌ നേടി. ആകെ 990 പേര്‍ തിരഞ്ഞെടുക്കപ്പെട്ടതില്‍ 476 പേര്‍ ജനറല്‍ കാറ്റഗറിയിലാണ്‌. 275 പേര്‍ മറ്റു പിന്നാക്ക വിഭാഗത്തില്‍നിന്നുള്ളവരാണ്‌.പട്ടികജാതി വിഭാഗത്തില്‍നിന്നു 165ഉം പട്ടികവര്‍ഗ വിഭാഗത്തില്‍നിന്നു 74 പേരും തരഞ്ഞെടുക്കപ്പെട്ടു. 180 പേര്‍ ഇന്ത്യന്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ സര്‍വീസിലേക്കും 42 പേര്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിലേക്കും 150 പേര്‍ ഇന്ത്യന്‍ പൊലീസ്‌ സര്‍വിസിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ഇവരില്‍ 750 പേര്‍ പുരുഷന്മാരും 240 പേര്‍ വനിതകളുമാണ്‌. കേരളത്തില്‍നിന്ന്‌ 26 പേര്‍ റാങ്ക്‌ ലിസ്റ്റിലുണ്ട്‌.