Breaking News

Trending right now:
Description
 
Apr 28, 2018

ഡല്‍ഹിയില്‍ യാക്കോബായ സഭയുടെ പ്രതിഷേധജ്വാല

image യാക്കോബായ സഭയോടുള്ള നീതിനിഷേധത്തിനെതിരെ ഡല്‍ഹിയില്‍ വന്‍ പ്രതിഷേധവുമായി സഭയിലെ മെത്രാപ്പോലീത്തമാരും വൈദികരും വിശ്വാസികളും നിരന്നു. ഇന്ത്യാ ഗേറ്റിനു സമീപം മഹാരാഷ്ട്ര സദനുമുമ്പില്‍ മെഴുകുതിരി കത്തിച്ച്‌ പ്രതിഷേധിച്ചു. സഭാതര്‍ക്കം പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൈയെടുക്കണമെന്നു സുന്നഹദോസ്‌ സെക്രട്ടറി ജോസഫ്‌ മാര്‍ ഗ്രിഗോറിയോസ്‌ ആവശ്യപ്പെട്ടു. സുപ്രീംകോടതിയില്‍ നിന്നു നീതി നിഷേധമുണ്ടായ സാഹചര്യത്തില്‍ ചര്‍ച്ചകള്‍ക്കു സര്‍ക്കാര്‍ ഇടപെടണം. കോടതിയില്‍ നീതി നിഷേധിക്കപ്പെട്ടെങ്കിലും നിയമസംവിധാനത്തിലുള്ള വിശ്വാസം നഷ്ടമായിട്ടില്ല. പുനപരിശോധനാഹര്‍ജി തള്ളിയ സാഹചര്യത്തില്‍ തിരുത്തല്‍ ഹര്‍ജി നല്‍കുന്നതു പരിഗണിക്കുമെന്നു ജോസഫ്‌ മാര്‍ ഗ്രിഗോറിയോസ്‌ വ്യക്തമാക്കി. സത്യവിശ്വാസികള്‍ പടുത്തുയര്‍ത്തിയ ദേവാലയങ്ങള്‍ അതിന്റെ സ്ഥാപന ഉദ്ദേശ്യത്തില്‍ എന്നും നിലനിര്‍ത്തുമെന്നു ഉറക്കെ പ്രഖ്യാപിക്കാനും യാക്കോബായ സഭാ വിശ്വാസികള്‍ക്കെതിരായ നീതിനിഷേധം അധികാരികളെയും സമൂഹത്തെയും അറിയിക്കുന്നതിനുമാണ്‌ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. മെത്രാപ്പോലീത്തമാരായ യൂഹാനോന്‍ മാര്‍ മിലിത്തിയോസ്‌, ഡോ.കുര്യാക്കോസ്‌ മാര്‍ തെയോഫിലോസ്‌, മാത്യൂസ്‌ മാര്‍ തേവോദിയോസ്‌, മാത്യൂസ്‌ മാര്‍ അപ്രേം, കുര്യാക്കോസ്‌ മാര്‍ യൗസേബിയോസ്‌, ഏലിയാസ്‌ മാര്‍ അത്താനാസിയോസ്‌, പൗലോസ്‌ മാര്‍ ഐറേനിയോസ്‌, ഐസക്‌ മാര്‍ ഒസ്‌താത്തിയോസ്‌, ഏലിയാസ്‌ മാര്‍ യൂലിയോസ്‌, സഖറിയാസ്‌ മാര്‍ പീലക്‌സിനോസ്‌ എന്നിവര്‍ പ്രതിഷേധത്തിന്‌ നേതൃത്വം നല്‍കി.