Breaking News

Trending right now:
Description
 
Apr 27, 2018

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്‌ മേയ്‌ 28ന്‌; വോട്ടെണ്ണല്‍ 31ന്‌

image ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്‌ മേയ്‌ 28ന്‌ നടത്തുമെന്ന്‌ തിരഞ്ഞെടുപ്പു കമ്മിഷന്‍ പ്രഖ്യാപിച്ചു. 31നാണ്‌ വോട്ടെണ്ണല്‍. മേയ്‌ 10നാണ്‌ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാനതിയതി. പതിനൊന്നിന്‌ സൂക്ഷ്‌മപരിശോധന നടക്കും. മേയ്‌ 14നാണ്‌ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം. തിരഞ്ഞെടുപ്പ്‌ പ്രഖ്യാപനം ഉണ്ടായതോടെ ചെങ്ങന്നൂര്‍ ഉള്‍പ്പെടുന്ന ആലപ്പുഴ ജില്ലയില്‍ പെരുമാറ്റച്ചട്ടം നിലവില്‍വന്നു. സിപിഎമ്മിന്റെ സിറ്റിങ്‌ സീറ്റായ ചെങ്ങന്നൂരില്‍ കെ.കെ.രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ്‌ ഉപതിരഞ്ഞെടുപ്പ്‌ നടത്തുന്നത്‌. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ (എല്‍ഡിഎഫ്‌), കെപിസിസി നിര്‍വാഹകസമിതിയംഗം ഡി.വിജകുമാര്‍ (യുഡിഎഫ്‌), ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.എസ്‌.ശ്രീധരന്‍പിള്ള (ബിജെപി) എന്നിവരാണ്‌ മുഖ്യസ്ഥാനാര്‍ഥികള്‍. ഏത്‌ സ്ഥാനാര്‍ഥിക്കാണ്‌ വോട്ട്‌ ചെയ്‌തതെന്ന്‌ വോട്ടര്‍മാര്‍ക്ക്‌ ഉറപ്പിക്കാവുന്ന വിവി പാറ്റ്‌ സംവിധാനത്തിലാണ്‌ ചെങ്ങന്നൂരില്‍ വോട്ടെടുപ്പ്‌ നടത്തുക. വോട്ട്‌ ആര്‍ക്ക്‌ ചെയ്‌തുവെന്ന്‌ വ്യക്തമാക്കുന്ന കടലാസ്‌ സ്ലിപ്പ്‌ വോട്ടര്‍മാര്‍ക്ക്‌ കാണാനാവും. തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുംമുമ്പേ മൂന്നുമുന്നണികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ പ്രചരണം തുടങ്ങിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ മറ്റ്‌ ഒമ്പത്‌ നിയമസഭാ മണ്ഡലങ്ങളിലും ഉത്തര്‍പ്രദേശിലെ കെയ്‌റോ, മഹാരാഷ്ട്രയിലെ ബാന്ദ്ര-ഗോണ്ടിയ, പാല്‍ഗഡ്‌, നാഗാലാന്‍ഡ്‌ എന്നീ നാലു ലോക്‌സഭാ മണ്ഡലങ്ങളിലും മേയ്‌ 28ന്‌ ഉപതിരഞ്ഞെടുപ്പ്‌ നടക്കും.