Breaking News

Trending right now:
Description
 
Apr 25, 2018

പിണറായിയിലെ ദുരൂഹമരണങ്ങള്‍: യുവതി അറസ്റ്റില്‍

image പിണറായിയില്‍ നാലുമാസത്തിനിടെ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ യുവതിയെ അറസ്റ്റു ചെയ്‌തു. മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയ കേസിലാണ്‌ പിണറായി വണ്ണത്താന്‍വീട്ടില്‍ സൗമ്യ (28) അറസ്റ്റിലായത്‌. മാതാപിതാക്കളായ കുഞ്ഞിക്കണ്ണന്‍ (80), ഭാര്യ കമല (65), മകള്‍ ഐശ്വര്യ (ഒമ്പത്‌) എന്നിവരാണ്‌ മരിച്ചത്‌. അവിഹിതബന്ധങ്ങള്‍ക്കു സൗകര്യമൊരുക്കുന്നതിന്‌ വിദഗ്‌ധമായാണ്‌ മൂവരെയും കൊലപ്പെടുത്തിയത്‌. ഛര്‍ദിയും വയറ്റിലെ അസ്വസ്ഥതകളും മൂലമുണ്ടായ മരണങ്ങള്‍ എന്ന നിലയില്‍ പരിഗണിക്കപ്പെട്ട സംഭവം സംശയംതോന്നിയ നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്നാണ്‌ കൊലപാതകമാണെന്നു തെളിഞ്ഞത്‌. സൗമ്യയുടെ വഴിവിട്ട ജീവിതം മകള്‍ നേരില്‍ കാണാന്‍ ഇടയായതാണ്‌ ഐശ്വര്യയെ കൊലപ്പെടുത്താന്‍ കാരണം. ചോറില്‍ എലിവിഷം കലര്‍ത്തിനല്‍കിയാണ്‌ മകളെ കൊലപ്പെടുത്തിയത്‌. പിന്നീട്‌ മാതാപിതാക്കളെയും സമാനരീതിയില്‍ കൊലപ്പെടുത്തി. പൊലീസ്‌ നടത്തിയ അന്വേഷണത്തിനൊടുവില്‍ മൂവരുടെയും മരണത്തിനു കാരണമായത്‌ എലിവിഷമാണെന്നു കണ്ടെത്തി. അറസ്റ്റിലായ സൗമ്യ ചോദ്യം ചെയ്യലിലും ഇതുസമ്മതിച്ചു. കുഞ്ഞിക്കണ്ണന്റെയും കമലയുടെയും മരണത്തില്‍ സംശയം തോന്നിയ പൊലീസ്‌ രഹസ്യമായി സൗമ്യയെ നിരീക്ഷിച്ചുവരുകയായിരുന്നു. കഴിഞ്ഞദിവസം ഫോറന്‍സിക്‌ സര്‍ജന്റെ നേതൃത്വത്തില്‍ പുറത്തെടുത്ത ഐശ്വര്യയുടെ മൃതദേഹത്തിലും വിഷാംശം ഉള്ളതായി രാസപരിശോധനയില്‍ സ്ഥിരീകരിച്ചു. തുടര്‍ന്നുനടത്തിയ ആന്തരികാവയവങ്ങളുടെ പരിശോധനയിലാണ്‌ എലിവിഷമാണ്‌ മരണത്തിനിടയാക്കിയതെന്ന്‌ കണ്ടെത്തിയത്‌.