Breaking News

Trending right now:
Description
 
Apr 25, 2018

ചീഫ്‌ ജെസ്റ്റീസിനെതിരെയുള്ള കുറ്റവിചാരണ നോട്ടീസ്‌ തള്ളിയത്‌ യുക്തിപൂര്‍വം: ഉപരാഷ്ട്രപതി

image സുപ്രീംകോടതി ചീഫ്‌ ജസ്റ്റീസ്‌ ദീപക്‌ മിശ്രയെ കുറ്റവിചാരണ ചെയ്യണമെന്നു ആവശ്യപ്പെട്ടു പ്രതിപക്ഷം നല്‍കിയ നോട്ടീസ്‌ തള്ളിയ തീരുമാനം ആലോചിച്ച്‌ ഉറപ്പിച്ച്‌ എടുത്തതാണെന്നു ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു. ഒരുമാസം നീണ്ട ആലോചനകളും പഠനങ്ങളും ഇതിനായി നടത്തിയിരുന്നു. പ്രതിപക്ഷം നോട്ടീസ്‌ നല്‍കുമെന്നു നേരത്തെ സൂചന ലഭിച്ചിരുന്നു. നിയമവശങ്ങള്‍ പരിശോധിച്ചശേഷമായിരുന്നു നടപടി. നോട്ടീസ്‌ തള്ളിയതീരുമാനം സമയോചിതമായിരുന്നുവെന്നു സുപ്രീംകോടതി അഭിഭാഷകരുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ വെങ്കയ്യ വ്യക്തമാക്കി. തന്റെ ജോലിമാത്രമാണ്‌ ചെയ്‌തത്‌. അതില്‍ പൂര്‍ണ സംതൃപ്‌തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറ്റവിചാരണയെ എതിര്‍ക്കുന്ന അഭിഭാഷകസംഘം നായിഡുവിന്‌ നന്ദി അറിയിക്കുകയും ചെയ്‌തു. നോട്ടീസില്‍ പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങള്‍ സുപ്രീംകോടതിയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുള്ളതാണ്‌. അത്‌ സുപ്രീംകോടതിക്കുള്ളില്‍തന്നെ പരിഹരിക്കേണ്ടതാണ്‌. മറ്റേതെങ്കിലും തരത്തില്‍ ഇത്തരം ആരോപണങ്ങളെ സമീപിക്കാന്‍ ശ്രമിക്കുന്നത്‌ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി. അതേസമയം, ഉപരാഷ്ട്രപതി നോട്ടീസ്‌ നിരാകരിച്ചതിനെതിരെ പ്രതിപക്ഷ എംപിമാര്‍ ഇന്നലെ സുപ്രീംകോടതിയില്‍ എത്തിയില്ല. ഈയാഴ്‌ചയോ അടുത്ത ആഴ്‌ച ആദ്യമോ കേസ്‌ നല്‍കുമെന്നാണ്‌ കോണ്‍ഗ്രസ്‌ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കപില്‍ സിബലാണു നിയമനടപടികള്‍ക്കു നേതൃത്വം നല്‍കുന്നത്‌.