Breaking News

Trending right now:
Description
 
Apr 20, 2018

ലോയുടെ മരണം: ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

image സിബിഐ പ്രത്യേക ജഡ്‌ജി ബി.എച്ച്‌.ലോയുടെ മരണത്തില്‍ സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ജഡ്‌ജിയുടെ മരണം സ്വാഭാവികമാണെന്നു ചീഫ്‌ ജസ്റ്റീസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ച്‌ വിധിച്ചു. പൊതുതാല്‍പര്യ ഹര്‍ജികള്‍ കോടതിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗുരുതര ശ്രമമാണെന്നും കോടതി നിരീക്ഷിച്ചു. രാഷ്ട്രീയ പ്രതികാരത്തിനായി പൊതുതാല്‍പര്യഹര്‍ജി സൗകര്യം പലരും ദുര്‍വിനിയോഗം ചെയ്യുകയാണ്‌. കാമ്പുള്ള ഹര്‍ജികള്‍ പരിഗണിക്കാനുള്ള വിലപ്പെട്ട സമയമാണ്‌ ഇതുമൂലം കോടതിക്കു നഷ്ടമാകുന്നത്‌. ഹര്‍ജിക്കാരായ അഭിഭാഷകരെ കോടതി വിമര്‍ശിക്കുകയും ചെയ്‌തു. ലോയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ചുള്ള എല്ലാ നിയമനടപടികളും ഈ വിധിയോടെ അവസാനിക്കുകയാണെന്നും രാഷ്ട്രീയനേട്ടത്തിനുവേണ്ടി ദുരുദേശപരമായി നല്‍കിയ കേസുകളാണിവയെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്‌ഷാ, ഗുജറാത്ത്‌ മുന്‍ ആഭ്യന്തരമന്ത്രി ഗുലാബ്‌ചന്ദ്‌ കഠാരിയ തുടങ്ങിയവര്‍ പ്രതികളായുള്ള വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വിചാരണ നടക്കുന്നതിനിടെ 2014 ഡിസംബര്‍ ഒന്നിനു നാഗ്‌പൂരിലെ ഗസ്റ്റ്‌ഹൗസിലാണ്‌ ജഡ്‌ജി ലോയെ മരിച്ചനിലയില്‍ കണ്ടത്‌. അമിത്‌ഷാ നേരിട്ടു കോടതിയില്‍ ഹാജരാകണമെന്നു ഉത്തരവിട്ടതിനു പിന്നാലെയായിരുന്നു മരണം. ഹൃദയാഘാതമാണ്‌ മരണകാരണമെന്നു പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും ലോയുടെ സഹോദരിയും ഫോറന്‍സിക്‌ വിദഗ്‌ധരും അതിനു വിരുദ്ധമായി വെളിപ്പെടുത്തല്‍ നടത്തിയതോടെയാണ്‌ ദുരൂഹത വര്‍ധിച്ചത്‌.