Breaking News

Trending right now:
Description
 
Apr 19, 2018

വരാപ്പുഴ കസ്റ്റഡിമരണം: മൂന്നുപൊലീസുകാര്‍ അറസ്റ്റില്‍

image വരാപ്പുഴ കസ്റ്റഡിമരണ കേസില്‍ മൂന്നുപൊലീസുകാരെ അന്വേഷണസംഘം അറസ്റ്റു ചെയ്‌തു. എറണാകുളം റൂറല്‍ എസ്‌പിയുടെ റൂറല്‍ ടൈഗര്‍ ഫോഴ്‌സ്‌ സ്‌ക്വാഡിലെ അംഗങ്ങളായ സന്തോഷ്‌കുമാര്‍, ജിതിന്‍രാജ്‌, സുമേഷ്‌ എ്‌ന്നിവരെയാണ്‌ അറസ്‌റ്റു ചെയ്‌തത്‌. വരാപ്പുഴ ദേവസ്വംപാടം സ്വദേശി ശ്രീജിത്തിനെ വീട്ടില്‍നിന്നു പിടിച്ചുകൊണ്ടുപോകുമ്പോള്‍ ഇവര്‍ മര്‍ദിച്ചെന്നു തെളിവു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ അറസ്‌റ്റെന്ന്‌ ക്രൈംബ്രാഞ്ച്‌ ഐജി എസ്‌.ശ്രീജിത്ത്‌ വ്യക്തമാക്കി. ആലുവ പൊലീസ്‌ ക്ലബില്‍ ബുധനാഴ്‌ചരാത്രിയിലാണ്‌ അറസ്റ്റ്‌ രേഖപ്പെടുത്തിയത്‌. മര്‍ദനമേറ്റാണ്‌ ശ്രീജിത്ത്‌ മരിച്ചതെന്നു കണ്ടെത്തിയിട്ടുണ്ട്‌. സംഭവത്തില്‍ കൂടുതല്‍ അറസ്‌റ്റുണ്ടായേക്കും. ഇപ്പോള്‍ അറസ്‌റ്റിലായ പൊലീസുകാര്‍ക്കു പുറമേ വടക്കന്‍ പറവൂര്‍ സിഐ ക്രിസ്‌പിന്‍ സാം, വരാപ്പുഴ എസ്‌ഐ ജി.എസ്‌.ദീപക്‌, ഗ്രേഡ്‌ എഎസ്‌ഐ സുധീര്‍, സീനിയര്‍ സിപിഒ സന്തോഷ്‌ ബേബി എന്നിവര്‍ സസ്‌പെന്‍ഷനിലാണ്‌. ശ്രീജിത്തിനെ പൊലീസ്‌ മര്‍ദിച്ചതായി ശ്രീജിത്തിന്റെ അമ്മയും ഭാര്യയും അയല്‍ക്കാരും അന്വേഷണസംഘത്തിനു മൊഴിനല്‍കിയിരുന്നു. കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട എല്ലാവരെയും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുമെന്നു ഐജി വ്യക്തമാക്കി. കുറ്റകൃത്യത്തില്‍ നേരിട്ട്‌ പങ്കുള്ളവരെയാണ്‌ ഇപ്പോള്‍ അറസ്‌റ്റുചെയ്‌തിട്ടുള്ളത്‌. മെഡിക്കല്‍ റിപ്പോര്‍ട്ട്‌ ലഭിച്ചതിനുശേഷം തുടര്‍നടപടികള്‍ ഉണ്ടാകും. സംഭവത്തില്‍ കൂടുതല്‍പേര്‍ക്ക്‌ പങ്കുണ്ടെന്നു കണ്ടെത്തിയാല്‍ ഇനിയും അറസ്റ്റുണ്ടാകുമെന്നു അദ്ദേഹം വ്യക്തമാക്കി.