Breaking News

Trending right now:
Description
 
Apr 18, 2018

റേഡിയോ ജോക്കി രാജേഷ്‌ വധം: ഒളിവിലായിരുന്ന അപ്പുണ്ണി അറസ്റ്റില്‍

image മുന്‍ റേഡിയോ ജോക്കി മടവൂര്‍ സ്വദേശി രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന മൂന്നാംപ്രതി കായംകുളം പുള്ളിക്കണക്ക്‌ ദേശത്തിനകം കളത്തില്‍ അപ്പുണ്ണിയെ (32) അറസ്റ്റു ചെയ്‌തു. പൊലീസ്‌ അപ്പുണ്ണിയുമായി തെളിവെടുപ്പ്‌ നടത്തുകയാണ്‌. കൊലപാതകത്തിന്‌ അപ്പുണ്ണി ഉപയോഗിച്ച ആയുധം കണ്ടെത്തി. കൂട്ടുപ്രതിയായ സനുവിന്റെ കൊല്ലം വള്ളക്കീഴിലെ പുരയിടത്തില്‍നിന്ന്‌ ഇന്നു രാവിലെയാണ്‌ വാള്‍ കണ്ടെടുത്തത്‌. കൊലപാതകത്തില്‍ നേരിട്ട്‌ പങ്കാളിയായ അപ്പുണ്ണിയെ ചൊവ്വാഴ്‌ച കായംകുളത്തുനിന്നാണ്‌ കസ്റ്റഡിയില്‍ എടുത്തത്‌. ചെന്നൈയില്‍ അപ്പുണ്ണിക്ക്‌ ഒളിത്താവളമൊരുക്കിയ അപ്പുണ്ണിയുടെ സഹോദരി ഭര്‍ത്താവ്‌ സുമിത്തും പിടിയിലായിട്ടുണ്ട്‌. എറണാകുളത്തെ ഒരു സ്‌ത്രീയെ അപ്പുണ്ണി സ്ഥിരമായി ഫോണില്‍വിളിക്കാറുണ്ടായിരുന്നു. ഇവരെ ഉപയോഗിച്ചാണ്‌ അപ്പുണ്ണിയെ കായംകുളത്തേക്കു വിളിച്ചുവരുത്തിയത്‌. രാജേഷ്‌ വധത്തിന്റെ ആസൂത്രണം മുതലുള്ള എല്ലാകാര്യങ്ങളിലും പ്രധാന പങ്കുവഹിച്ചയാളാണ്‌ അപ്പുണ്ണിയെന്നു പൊലീസ്‌ വ്യക്തമാക്കി. ഖത്തറിലുള്ള വ്യവസായി ഓച്ചിറസ്വദേശി അബ്ദുല്‍ സത്താറിന്റെ ക്വട്ടേഷന്‍ പ്രകാരമാണ്‌ കൊലപാതകം. കുറ്റകൃത്യങ്ങളില്‍ നേരിട്ട്‌ പങ്കുള്ള മൂന്നുപേരും ഗൂഢാലോചനയില്‍ പങ്കുള്ള നാലുപേരും ഇതുവരെ അറസ്റ്റിലായി. ഒന്നാംപ്രതി സത്താറിനെ ഖത്തറില്‍നിന്ന്‌ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്‌ അന്വേഷണസംഘം. മാര്‍ച്ച്‌ 27നു പുലര്‍ച്ചെ 1.30ന്‌ മടവൂരിലെ സ്റ്റുഡിയോയിലാണ്‌ രാജേഷ്‌ കൊല്ലപ്പെട്ടത്‌.