Breaking News

Trending right now:
Description
 
Apr 17, 2018

യുഎസ്‌ അപകടം: മൂന്നു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

image അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വെള്ളപ്പൊക്കത്തില്‍ വാഹനം ഒഴുകിപ്പോയി കാണാതായ നാലംഗ മലയാളി കുടുംബത്തിലെ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. സാന്റോ ക്ലാരിറ്റയിലെ യൂണിയന്‍ ബാങ്ക്‌ വൈസ്‌ പ്രസിഡന്റ്‌ സന്ദീപ്‌ തോട്ടപ്പള്ളി (42), ഭാര്യ സൗമ്യ(38), മകന്‍ സാച്ചി (ഒമ്പത്‌) എന്നിവരുടെ മൃതദേഹങ്ങളാണ്‌ ഈല്‍ നദിയില്‍നിന്നു കണ്ടെത്തിയത്‌. മകന്‍ സിദ്ധാന്തിന്റെ (12) തിരച്ചില്‍ തുടരുകയാണ്‌. സൗമ്യയുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. രണ്ടുപേരുടെ മൃതദേഹം തിങ്കളാഴ്‌ചയാണ്‌ ലഭിച്ചത്‌. മുങ്ങിപ്പോയ കാറും കണ്ടെടുത്തു. ഈ മാസം ആറാംതിയതി ഉച്ചയ്‌ക്ക്‌ ഓറിഗനിലെ പോര്‍ട്ട്‌ലാന്‍ഡില്‍നിന്നു സനോസെയിലേക്കു പോകുന്നതിനിടെയാണ്‌ കുടുംബം അപകടത്തില്‍പെട്ടത്‌. റോഡിനോടു ചേര്‍ന്നു കരകവിഞ്ഞൊഴുകിയ ഈല്‍ നദിയിലേക്ക്‌ ഇവരുടെ കാര്‍ വീഴുകയായിരുന്നു. കാര്‍ നദിയില്‍പെട്ടതുകണ്ട ദൃക്‌സാക്ഷിയാണ്‌ വിവരം പൊലീസിനെ അറിയിച്ചത്‌. അപകടസ്ഥലത്തുനിന്നു അരമൈല്‍ അകലെയായിരുന്നു കാര്‍. സന്ദീപിന്റെയും സാച്ചിയുടെയും മൃതദേഹങ്ങള്‍ കാറില്‍തന്നെയുണ്ടായിരുന്നു. അപകടം നടന്ന സ്ഥലത്തുനിന്നു ഏഴുമൈല്‍ അകലെയായാണ്‌ സൗമ്യയുടെ മൃതദേഹം കണ്ടെടുത്ത്‌. മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. കൊച്ചി പടമുകള്‍ സ്വദേശിയാണ്‌ സൗമ്യ. ഗുജറാത്തിലെ സൂറത്തില്‍നിന്നാണ്‌ സന്ദീപ്‌ യുഎസില്‍ എത്തിയത്‌.