Breaking News

Trending right now:
Description
 
Apr 17, 2018

മക്ക മസ്‌ജിദ്‌ സ്‌ഫോടനം: പ്രതികളെ വിട്ടയച്ച ജഡ്‌ജി മണിക്കൂറുകള്‍ക്കുള്ളില്‍ രാജിവച്ചു

image ഹൈദരാബാദിലെ ചാര്‍മിനാറിനടുത്തു മക്ക മസ്‌ജിദ്‌ സ്‌ഫോടനത്തില്‍ ഒമ്പതുപേര്‍ മരിച്ച കേസില്‍ പ്രതികളെ തെളിവിന്റെ അഭാവത്തില്‍ വിട്ടയച്ച ഭീകരവിരുദ്ധ പ്രത്യേക കോടതി ജഡ്‌ജി കെ.രവിന്ദര്‍ റെഡ്‌ലി രാജിവച്ചു. വിധിപറഞ്ഞു മണിക്കൂറുകള്‍ക്കുള്ളിലാണ്‌ ആന്ധ്രാപ്രദേശ്‌ ഹൈക്കോടതി ചീഫ്‌ ജസ്റ്റീസിന്‌ രാജിക്കത്ത്‌ അയച്ചുകൊടുത്തു. ജൂണില്‍ വിരമിക്കാനിരിക്കെയാണ്‌ രവിന്ദര്‍ റെഡ്‌ലിയുടെ രാജി. കേസില്‍ പ്രതിപട്ടികയില്‍ ഉണ്ടായിരുന്ന സ്വാമി അസിമാനന്ദ്‌, ദേവേന്ദ്ര ഗുപ്‌ത, ലോകേഷ്‌ ശര്‍മ, ഭരത്‌ ഭായ്‌ (ഭരത്‌ മോഹന്‍ലാല്‍ രതേശ്വര്‍), രാജേന്ദ്ര ചൗധരി എന്നിവരെയാണ്‌ വിട്ടയച്ചത്‌. കനത്ത സുരക്ഷയിലായിരുന്നു വിധി പ്രഖ്യാപനം. മാധ്യമങ്ങള്‍ക്ക്‌ കോടതിയില്‍ പ്രവേശനം അനുവദിച്ചിരുന്നില്ല. പ്രതികള്‍ക്കെതിരായ ഒരു കുറ്റാരോപണംപോലും തെളിയിക്കാന്‍ പ്രോസിക്യൂഷനായ എന്‍ഐഎക്കു കഴിഞ്ഞില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. 2007 മേയ്‌ 18നു വെള്ളിയാഴ്‌ച മസ്‌ജിദില്‍ നമസ്‌കാരത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ ഒമ്പതുപേര്‍ മരിക്കുകയും 58 പേര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു. ആദ്യം ലോക്കല്‍ പൊലീസ്‌ അന്വേഷിച്ച കേസ്‌ സിബിഐ ഏറ്റെടുക്കുകയും പിന്നീട്‌ ദേശീയ അന്വേഷണ ഏജന്‍സിക്കു (എന്‍ഐഎ) കൈമാറുകയുമായിരുന്നു. ലഷ്‌കര്‍ ഇ തോയ്‌ബ പോലുള്ള ഭീകരസംഘടനകളുടെ പങ്ക്‌ ആദ്യം സംശയിച്ച അന്വേഷണ ഏജന്‍സി പിന്നീട്‌ സ്വാമി അസിമാനന്ദയുടെ നേതൃത്വത്തിലുള്ള അഭിനവ്‌ ഭാരത്‌ എന്ന ഹിന്ദു തീവ്രവാദസംഘടനയാണ്‌ സ്‌ഫോടനത്തിനു പിന്നിലെന്നു കണ്ടെത്തി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.