Breaking News

Trending right now:
Description
 
Apr 15, 2018

വിഎച്ച്‌പിയില്‍നിന്നു തൊഗാഡിയ പുറത്തായി; ഇനി പുതിയ സംഘടന

image വിശ്വഹിന്ദു പരിഷത്ത്‌ (വിഎച്ച്‌പി) നേതൃസ്ഥാനത്തേക്കു നടന്ന തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി പക്ഷം അട്ടിമറി വിജയം നേടിയതോടെ പ്രവീണ്‍ തൊഗാഡിയെ സംഘടന വിട്ടതായി പ്രഖ്യാപിച്ചു. പുതിയ സാഹചര്യത്തില്‍ ബദല്‍ ഹിന്ദുസംഘടനയ്‌ക്കു അദ്ദേഹം രൂപം നല്‍കുമെന്നാണ്‌ സൂചന. ഇതോടൊപ്പം അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കണമെന്നു ആവശ്യപ്പെട്ട്‌ ഈമാസം 17നു അനിശ്ചിതകാല നിരാഹാരത്തിനും തുടക്കമിടും. മോദി പക്ഷക്കാരനായ വി.എസ്‌.കോക്‌ജെയെ രാജ്യാന്തര ഉപാധ്യക്ഷനായി ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കണമെന്ന ആര്‍എസ്‌എസിന്റെ നിര്‍ദേശം ലംഘിച്ചാണ്‌ ഗുഡ്‌ഗോവില്‍ ചേര്‍ന്ന വിശ്വഹിന്ദു പരിഷത്ത്‌ ഗവേണിങ്‌ കൗണ്‍സില്‍ യോഗത്തില്‍ തൊഗാഡിയ അനുകൂലികള്‍ വോട്ടെടുപ്പ്‌ ആവശ്യപ്പെട്ടത്‌. തൊഗാഡിയ പിന്തുണച്ച സ്ഥാനാര്‍ഥി രാഘവറെഡ്ഡി തിരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്‌തു. രാഘവ റെഡ്ഡിക്ക്‌ 60 വോട്ട്‌ ലഭിച്ചപ്പോള്‍ വി.എസ്‌.കോക്‌ജെ 131 വോട്ടുനേടി വിജയിക്കുകയും ചെയ്‌തു. വര്‍ക്കിങ്‌ പ്രസിഡന്റ്‌ (വിദേശം) ആയി അശോക്‌ ചൗഗലെയേയും ജനറല്‍ സെക്രട്ടറിയായി മിലിന്ദ്‌ പരാന്ദെയെയും സംഘടനാ സെക്രട്ടറിയായി വിനായക്‌ ദേശ്‌ പാണ്ഡെയെയും നാമനിര്‍ദേശം ചെയ്‌തു. അതേസമയം, വിഎച്ച്‌പി പ്രസ്ഥാനം ഹിന്ദുവിനെ വിസ്‌മരിച്ചു ചിലരുടെ വ്യക്തിതാല്‍പര്യത്തിനും അധികാരമോഹത്തിനുമായി ഉപയോഗിക്കുകയാണെന്നു തൊഗാഡിയ കുറ്റപ്പെടുത്തി.