Breaking News

Trending right now:
Description
 
Apr 14, 2018

ഇന്ത്യയ്‌ക്കായി 18-ാം സ്വര്‍ണം മേരികോം ഇടിച്ചുവീഴ്‌ത്തി

image കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ഇന്നു നടന്ന ബോക്‌സിങില്‍ ഇന്ത്യയുടെ ചുണക്കുട്ടി മേരികോം സ്വര്‍ണം ഇടിച്ചുവീഴ്‌ത്തി. അഞ്ചുതവണ ലോകചാംപ്യനായ മേരികോം നോര്‍ത്ത്‌ അയര്‍ലന്‍ഡ്‌ താരം ക്രിസ്‌റ്റീന ഒക്കുഹാരയെ ഇടിച്ചിട്ടാണ്‌ 45-48 കിലോഗ്രാമില്‍ സുവര്‍ണനേട്ടം സ്വന്തമാക്കിയത്‌. എതിരാളിയെ 5-0നു ഇടിച്ചിട്ടാണ്‌ മേരികോം ഇന്ത്യയുടെ ഇടിമുഴക്കമായത്‌. ശ്രീലങ്കയുടെ അനുഷാ ദില്‍രുക്ഷി കോടിത്വാകിനെ പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിക്കുകയായിരുന്നു. മേരികോമിനു പുറമേ അഞ്ച്‌ ഇന്ത്യന്‍താരങ്ങള്‍കൂടി ബോക്‌സിങില്‍ ഇന്നു ഫൈനലിനു ഇറങ്ങുന്നുണ്ട്‌. പുരുഷവിഭാഗം 46-49 വിഭാഗത്തില്‍ അമിത്‌, 52 കിലോഗ്രാമില്‍ ഗൗരവ്‌ സോളങ്കി, 60 കിലോഗ്രാം വിഭാഗത്തില്‍ മനീഷ്‌ കൗശിക്‌, 75 കിലോഗ്രാമില്‍ വികാസ്‌ കൃഷാന്‍, 91+വിഭാഗത്തില്‍ സതീഷ്‌കുമാര്‍ എന്നിവരാണ്‌ ഇന്ത്യയ്‌ക്ക്‌ പ്രതീക്ഷനല്‍കി ബോക്‌സിങിനായി ഇറങ്ങുന്നത്‌. ഹരിയാനക്കാരനായ അനീഷ്‌ ബന്‍വാല എന്ന പതിനഞ്ചുവയസുകാരന്‍ പുരുഷന്മാരുടെ 25 മീറ്റര്‍ റാപിഡ്‌ഫയര്‍ പിസ്റ്റള്‍ ഇനത്തില്‍ ഇന്നലെ ഇന്ത്യയ്‌ക്കു സ്വര്‍ണം നേടിക്കൊടുത്തിരുന്നു. പത്താംക്ലാസ്‌ വിദ്യാര്‍ഥിയായ അനീഷ്‌ ബന്‍വാലയാണ്‌ കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ സ്വര്‍ണം നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ ഇന്ത്യാക്കാരന്‍. വനിതകളുടെ 50 മീറ്റര്‍ എയര്‍ റൈഫിള്‍ പൊസിഷനില്‍ തേജസ്വിനി സാവന്ദും പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്‌തിയില്‍ ബജ്‌റങ്ങും ഇന്നലെ സ്വര്‍ണം നേടിയിരുന്നു. മേരികോമിന്റെ വിജയത്തോടെ 18 സ്വര്‍ണവും 11 വെള്ളിയും 14 വെങ്കലവും ഉള്‍പ്പെടെ ഇന്ത്യയ്‌ക്ക്‌ ഗെയിംസില്‍ 43 മെഡലുകളായി മൂന്നാം സ്ഥാനത്താണ്‌.