Apr 13, 2018
യുപിയിലെ കൂട്ടമാനഭംഗക്കേസ്: ബിജെപി എംഎല്‍എ കസ്റ്റഡിയില്‍
ഉത്തര്‍പ്രദേശിലെ ഉന്നാവ് ജില്ലയില്‍ പതിനേഴുകാരിയെ കൂട്ടമാനഭംഗത്തിന്
ഇരയാക്കിയ കേസില്‍ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിനെ
അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തു. ഇന്നു പുലര്‍ച്ചെ നാലരയോടെ ഉന്നാവ്
ഇന്ദിരാനഗറിലെ വസതിയിലെത്തിയ സിബിഐ സംഘമാണ് സെന്‍ഗാറിനെ കസ്റ്റഡിയില്‍
എടുത്തത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അര്‍ധരാത്രി നടന്ന പ്രകടനത്തിനു
പിന്നാലെയാണ് നടപടി. എംഎല്‍എയ്ക്കെതിരായ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്
ഇന്നു വരാനിരിക്കെയാണ് സിബിഐ നീക്കം. സിബിഐയ്ക്കു കേസ് കൈമാറിയെന്നു
യുപി സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ എംഎല്‍എയ്ക്കെതിരെ
പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കുട്ടികള്‍ക്കെതിരെയുള്ള
ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള വകുപ്പ് (പോസ്കോ) ഉള്‍പ്പെടെ
കുറ്റപത്രത്തില്‍ ചുമത്തിയിട്ടുണ്ട്.
മാനഭംഗം സംബന്ധിച്ച് ആദ്യ പരാതി നല്‍കിയത് കഴിഞ്ഞവര്‍ഷം ജൂണിലാണ്. നടപടി
ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയുടെ പിതാവിനെ പൊലീസും
എംഎല്‍എയുടെ സഹോദരന് അതുല്സിംഗും ഗുണ്ടകളും ക്രൂരമായി മര്‍ദിച്ചു.
പൊലീസ് കസ്റ്റഡിയിലായിരുന്ന പെണ്‍കുട്ടിയുടെ പിതാവ് പിന്നീട്
ആശുപത്രിയില്‍ മരിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ എംഎല്‍എയുടെ
സഹോദരന് അതുലിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പൊലീസില്‍നിന്നു നീതി
ലഭിക്കുന്നില്ലെന്നു ആരോപിച്ച് കഴിഞ്ഞ ഞായറാഴ്ച പെണ്‍കുട്ടി യുപി
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കുമുമ്പില്‍ ജീവനൊടുക്കാന്‍
ശ്രമിച്ചത് ദേശീയ ശ്രദ്ധനേടിയിരുന്നു. എംഎല്‍എയെ അറസ്റ്റുചെയ്യാന്‍
വൈകുന്നത് എന്താണെന്നു വ്യാഴാഴ്ച കോടതി ചോദിച്ചിരുന്നു. മുതിര്‍ന്ന
അഭിഭാഷകന് ഗോപാല്‍ സ്വരൂപ് ചതുര്‍വേദി എഴുതിയ കത്ത്
പൊതുതാല്പര്യഹര്ജിയായി പരിഗണിച്ചാണ് കോടതി സംഭവത്തില്‍ ഇടപെട്ടത്.