Breaking News

Trending right now:
Description
 
Apr 12, 2018

ഷാര്‍ജയിലെ വിദേശനിക്ഷേപം വര്‍ധിക്കുന്നു; ഒന്നാം സ്ഥാനം ഇന്ത്യയ്‌ക്ക്‌

image ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ കൂട്ടത്തോടെ ഷാര്‍ജയിലേക്ക്‌. 2016നെ അപേക്ഷിച്ച്‌ ഷാര്‍ജയിലെ വിദേശനിക്ഷേപം ഇരട്ടിയായി. തൊഴില്‍ അവസരരംഗത്തു കുതിച്ചുചാട്ടമുണ്ടാക്കി 5.97 ബില്യണ്‍ വിദേശനിക്ഷേപമാണ്‌ 2017ല്‍ രേഖപ്പെടുത്തിയത്‌. യുകെ, അമേരിക്ക, ചൈന, സൗദി അറേബ്യ എന്നീ രാജ്യങ്ങളെ പിന്നിലാക്കിയാണ്‌ ഇന്ത്യ വിദേശനിക്ഷേപകരുടെ പട്ടകിയില്‍ ഒന്നാംസ്ഥാനത്ത്‌ എത്തുകയായിരുന്നു. ദുബായ്‌ വേള്‍ഡ്‌ ട്രേഡ്‌ സെന്ററില്‍ നടന്ന എട്ടാമത്‌ വാര്‍ഷിക നിക്ഷേപ സംഗമത്തില്‍ (എയിം 2018) വച്ച്‌ ഷാര്‍ജയുടെ നിക്ഷേപകാര്യ വിഭാഗം ഇന്‍വെസ്റ്റ്‌ ഇന്‍ ഷാര്‍ജയാണ്‌ പുതിയ കണക്കുകള്‍ പുറത്തുവിട്ടത്‌. കണക്കുകള്‍ പ്രകാരം 2017-ല്‍ 5.97 ബില്യണ്‍ വിദേശ നിക്ഷേപം ആകര്‍ഷിച്ച ഷാര്‍ജയ്‌ക്ക്‌ ജിഡിപിയില്‍ 5 ശതമാനം വളര്‍ച്ച കൈവരിക്കാനായി. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും എമിറേറ്റിന്റെ ജീവിത നിലവാരം വര്‍ധിപ്പിക്കുന്നതിലും ഏറെ നിര്‍ണായകമായ മാറ്റങ്ങളാണ്‌ വിദേശ നിക്ഷേപം ഉണ്ടാക്കിയത്‌. നിക്ഷേപ പട്ടികയില്‍ മുന്നിട്ടു നില്‍ക്കുന്നത്‌ ഇന്ത്യയാണ്‌ എന്നത്‌ പ്രവാസി സമൂഹത്തിലെ തൊഴില്‍ അന്വേഷകര്‍ക്ക്‌ അനുകൂല സൂചനയായാണ്‌ കണക്കാക്കപ്പെടുന്നത്‌. 2017-ല്‍ മാത്രം ഷാര്‍ജയില്‍ സൃഷ്ടിക്കപ്പെട്ടത്‌ 5000 പുതിയ തൊഴിലവസരങ്ങളാണ്‌.

വാര്‍ഷിക നിക്ഷേപ സംഗമവേദിയില്‍ ഷാര്‍ജ ഇക്കണോമിക്‌ വകുപ്പുമായി ചേര്‍ന്ന സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍വച്ച്‌ ഇന്‍വെസ്റ്റ്‌ ഇന്‍ ഷാര്‍ജ സിഇഒ ജുമാ അല്‍ മുഷറഖ്‌ ആണ്‌ ഷാര്‍ജയുടെ വളര്‍ച്ചയിലേക്ക്‌ വിരല്‍ചൂണ്ടുന്ന നിക്ഷേപ കണക്കുകള്‍ പുറത്തുവിട്ടത്‌. "18 പുതിയ വ്യവസായങ്ങളില്‍നിന്നായി 2016നെ അപേക്ഷിച്ച്‌ ഇരട്ടിയിലധികം വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ 2017-ല്‍ ഷാര്‍ജയ്‌ക്കായി. ഇവിടെ ലഭ്യമായിട്ടുള്ള നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിനും മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ക്കും സേവന മികവിനുമുള്ള ഉത്തമ ഉദാഹരണമാണ്‌ ഈ വളര്‍ച്ച. യുഎഇയിലെ മാത്രമല്ല, അറബ്‌ മേഖലയിലെ തന്നെ ഏറ്റവും മികച്ച നിക്ഷേപ കേന്ദ്രമായി ഷാര്‍ജ മാറുകയാണ്‌." ജുമാ അല്‍ മുഷറഖ്‌ പറഞ്ഞു.
അസൂര്‍ ബീച്ച്‌ റിസോര്‍ട്ട്‌, ഈഗിള്‍ ഹില്‍സിന്റെ നേതൃത്വത്തിലുള്ള മറിയം ഐലന്‍ഡ്‌, അലിഫ്‌ ഗ്രൂപ്പ്‌ ഒരുക്കുന്ന അല്‍ മംഷാ, തിലാല്‍ പ്രോപ്പര്‍ട്ടീസിന്റെ തിലാല്‍ സിറ്റി എന്നിങ്ങനെ നിരവധി പുതിയ പദ്ധതികള്‍ ഷാര്‍ജയില്‍ പുതുതായി ഒരുങ്ങുന്നുണ്ട്‌. ഷാര്‍ജയുടെ സാംസ്‌കാരിക സാമൂഹിക മേഖലകളിലെ വളര്‍ച്ചയ്‌ക്ക്‌ ആക്കം കൂട്ടുന്ന നിരവധി പ്രഖ്യാപനങ്ങള്‍ ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ്‌ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ അതോറിറ്റി നടത്തിയിരുന്നു.