Breaking News

Trending right now:
Description
 
Apr 11, 2018

ശ്രീജിത്തിന്റെ കസ്‌റ്റഡി മരണം: ക്രൈംബ്രാഞ്ച്‌ അന്വേഷിക്കും

image വരാപ്പുഴ ദേവസ്വംപാടം ഷേണായിപ്പറമ്പില്‍ രാമകൃഷ്‌ണന്റെ മകന്‍ ശ്രീജിത്ത്‌ പൊലീസ്‌ കസറ്റഡിയില്‍ മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച്‌ ഇന്നു അന്വേഷണം തുടങ്ങും. ക്രൈംബ്രാഞ്ച്‌ ഐജി എസ്‌.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ്‌ അന്വേഷണ ചുമതല. ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥര്‍ വൈകിട്ടോടെ കേസ്‌ രേഖകള്‍ കൈപ്പറ്റും. പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌ ഉള്‍പ്പെടെ കിട്ടിയശേഷമായിരിക്കും തുടര്‍നടപടി. മരിച്ച ശ്രീജിത്ത്‌ ഉള്‍പ്പെടെയുള്ള പ്രതികളെ കസ്റ്റഡിയില്‍ എടുത്ത വരാപ്പുഴ എസ്‌ഐ അടക്കമുള്ളവര്‍ക്കു നടപടികളില്‍ വീഴ്‌ചയുണ്ടോ എന്നതുള്‍പ്പെടെ പരിശോധിക്കും. കസ്‌റ്റഡിമരണത്തിനെതിരെ ബിജെപി സംസ്ഥാനവ്യാപകമായി ഇന്നു പ്രതിഷേധ ദിനം പ്രഖ്യാപിച്ചിട്ടുണ്ട്‌. അതേസമയം, സംഭവത്തില്‍ എആര്‍ ക്യാംപിലെ സിവില്‍ പൊലീസ്‌ ഓഫിസര്‍മാരായ ജിതിന്‍രാജ്‌, സന്തോഷ്‌കുമാര്‍, സുമേഷ്‌ എന്നിവരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ്‌ ചെയ്‌തു. വരാപ്പുഴയില്‍ വീടുകയറിയുള്ള ആക്രമണത്തില്‍ ഗൃഹനാഥന്‍ വാസുദേവന്‍ മരിച്ചതുമായി ബന്ധപ്പെട്ട്‌ പൊലീസ്‌ കസ്റ്റഡിയില്‍ എടുത്തത്‌ യഥാര്‍ഥ പ്രതിക്കു പകരം ശ്രീജിത്തിനെയായിരുന്നു. മരിച്ച വാസുദേവന്റെ മകന്‍ വിനീഷാണ്‌ ഇത്തരത്തിലൊരു വെളിപ്പെടുത്തല്‍ നടത്തിയത്‌.

നാട്ടില്‍തന്നെയുള്ള മറ്റൊരു ശ്രീജിത്താണ്‌ യഥാര്‍ത്ഥപ്രതി. ഒരുമിച്ചു ജോലിക്കുപോകുന്നവരും സുഹൃത്തുക്കളുമാണ്‌ പൊലീസ്‌ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തെന്നും പോലീസിനു നല്‍കിയ പരാതിയില്‍ അവന്റെ പേര്‌ പറഞ്ഞിട്ടില്ലെന്നും വിനീഷ്‌ വ്യക്തമാക്കി. വീട്ടില്‍നിന്നു ശ്രീജിത്തിനെ പൊലീസ്‌ പിടിച്ചുകൊണ്ടുപോകുമ്പോള്‍ മര്‍ദ്ദിച്ചതായി ശ്രീജിത്തിന്റെ അമ്മയും ബന്ധുക്കളും ആരോപിച്ചു. സമയത്ത്‌ ചികിത്സ നല്‍കിയില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്‌. ആന്തരികാവയവങ്ങള്‍ക്കുണ്ടായ ക്ഷതമാണ്‌ മരണകാരണമെന്നാണ്‌ പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌. മരണത്തിനു ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നു ആവശ്യപ്പെട്ടു ശ്രീജിത്തിന്റെ മൃതദേഹവുമായി ബിജെപി പ്രവര്‍ത്തകര്‍ വരാപ്പുഴ ദേശിയ പാത ഉപരോധിച്ചതോടെയാണ്‌ പൊലീസുകാര്‍ക്കെതിരെ നടപടി ഉണ്ടായത്‌. ശ്രീജിത്തിന്റെ കുടുംബത്തിന്‌ നഷ്ടപരിഹാരം നല്‍കണമെന്നും കുടുംബത്തിലെ ഒരാള്‍ക്ക്‌ ജോലി നല്‍കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടിരുന്നു.