Breaking News

Trending right now:
Description
 
Apr 10, 2018

പൊലീസ്‌ കസ്റ്റഡിയില്‍ യുവാവ്‌ മരിച്ചു; വരാപ്പുഴയില്‍ ഇന്ന്‌ ഹര്‍ത്താല്‍

image വരാപ്പുഴയിലെ വീട്ടില്‍കയറി ആക്രമണം നടത്തിയതിനെ തുടര്‍ന്ന്‌ ഗൃഹനാഥന്‍ ആത്മഹത്യചെയ്‌ത സംഭവത്തില്‍ അറസ്റ്റിലായ യുവാവ്‌ പൊലീസ്‌ കസ്റ്റഡിയില്‍ മരിച്ചു. വരാപ്പുഴ ദേവസ്വംപാടം ഷേണായിപറമ്പില്‍ രാമകൃഷ്‌ണന്റെ മകന്‍ ശ്രീജിത്ത്‌ (27) ആണ്‌ മരിച്ചത്‌. ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്‌ച വൈകിട്ട്‌ ആറുമണിയോടെയാണ്‌ മരണം. പൊലീസിന്റെ മര്‍ദ്ദനത്തെ തുടര്‍ന്നാണ്‌ മരണമെന്നു ബന്ധുക്കള്‍ ആരോപിച്ചു. ശ്രീജിത്തിനെ പൊലീസ്‌ ക്രൂരമായി മര്‍ദിച്ചുവെന്നു അമ്മ ശ്യാമളയും ഭാര്യ അഖിലയും പറവൂര്‍ മുന്‍സിഫ്‌ മജിസ്‌ട്രേറ്റിനു മുമ്പാകെ മൊഴിനല്‍കി. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ബിജെപി പറവൂര്‍ നിയോജകമണ്ഡലത്തില്‍ ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ ആരംഭിച്ചു. കട കമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്‌. മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റി വരാപ്പുഴ പൊലീസ്‌ സ്റ്റേഷന്‍ മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്‌.

മത്സ്യത്തൊഴിലാളിയായ വരാപ്പുഴ ദേവസ്വംപാടം കുളമ്പുകണ്ടം വാസുദേവന്‍ (55) മരിച്ചതുമായി ബന്ധപ്പെട്ടാണു ശ്രീജിത്ത്‌ ഉള്‍പ്പെടെ 10 പേരെ കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രി പൊലീസ്‌ അറസ്റ്റു ചെയ്‌തത്‌. പൊലീസ്‌ കസ്റ്റഡിയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രീജിത്തിനെ പറവൂരിലെ താലൂക്ക്‌ ആശുപത്രിയിലും പിന്നീട്‌ കളമശേരി മെഡിക്കല്‍കോളജിലും പ്രവേശിപ്പിക്കുകയായിരുന്നുവെന്നാണ്‌ പൊലീസ്‌ ഭാഷ്യം. വീടുകയറി ആക്രമണം നടത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ശ്രീജിത്തിന്റെ വയറിനു പരുക്കേറ്റിരുന്നുവെന്നും പൊലീസ്‌ വ്യക്തമാക്കി. ആന്തരിക അവയവങ്ങള്‍ക്കുണ്ടായ ക്ഷതമാകാം മരണകാരണമെന്നാണ്‌ ആശുപത്രി അധികൃതരുടെ നിഗമനം. പ്രാഥമികാന്വേഷണം നടത്താന്‍ എറണാകുളം റേഞ്ച്‌ ഐജിക്ക്‌ ഡിജിപി ലോക്‌നാഥ്‌ ബഹ്‌റ നിര്‍ദേശം നല്‍കി.