Breaking News

Trending right now:
Description
 
Apr 08, 2018

എംബിബിഎസ്‌ പ്രവേശനം: നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ തടഞ്ഞു

image കണ്ണൂര്‍, കരുണ മെഡിക്കല്‍കോളജുകളിലെ ക്രമവിരുദ്ധ എംബിബിഎസ്‌ പ്രവേശനം അംഗീകരിക്കുന്നതിനു നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ പി.സദാശിവം തടഞ്ഞു. നിയമസഭ പാസാക്കിയ വിവാദബില്‍ സുപ്രീംകോടതി വിധിക്കെതിരാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ്‌ ഗവര്‍ണര്‍ തടഞ്ഞത്‌. ശനിയാഴ്‌ച രാവിലെ 11 മണിയോടെ രാജ്‌ ഭവനിലെത്തിച്ച ബില്ലിന്റെ കാര്യത്തില്‍ മൂന്നുമണിക്കൂറിനുള്ളില്‍ ഗവര്‍ണര്‍ തീരുമാനം എടുക്കുകയായിരുന്നു. ഇതിനിടെ ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക്‌ തിരിച്ചയയ്‌ക്കുകയും ചെയ്‌തു. ഓര്‍ഡിനന്‍സ്‌ സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തില്‍ അതേ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ ഈ ബില്‍ അംഗീകരിച്ചാല്‍ സര്‍ക്കാര്‍ കോടതി അലക്ഷ്യത്തിനു പ്രതിക്കൂട്ടിലാകുമെന്നു ആരോഗ്യവകുപ്പ്‌ അഡീഷനല്‍ ചീഫ്‌ സെക്രട്ടറി ഗവര്‍ണര്‍ക്കു നല്‍കിയ ഫയലില്‍ രേഖപ്പെടുത്തിയിരുന്നു. ഓര്‍ഡിനന്‍സ്‌ കഴിഞ്ഞ ദിവസം സുപ്രീംകോടതി സ്‌റ്റേ ചെയ്‌തതോടെ ഫലത്തില്‍ ഇല്ലാതായി. അന്നുമുതല്‍ ഇവിടുത്തെ വിദ്യാര്‍ഥികള്‍ പുറത്താണ്‌. ഈ മെഡിക്കല്‍കോളജുകളില്‍ മെറിറ്റ്‌ അട്ടിമറിച്ചു തലവരിപ്പണംവാങ്ങിയ നടത്തിയ പ്രവേശനം ശരിവയ്‌ക്കാനാണ്‌ ഓര്‍ഡിനന്‍സും പിന്നീടു ബില്ലും സര്‍ക്കാര്‍ കൊണ്ടുവന്നത്‌. ബില്‍ ഭരണഘടനാ വിരുദ്ധമായതിനാലും സുപ്രീംകോടതി നിശിത വിമര്‍ശനം ഉന്നയിച്ചതിനാലാണ്‌ ഗവര്‍ണര്‍ അംഗീകാരം നല്‍കാതിരുന്നത്‌. നിയമവിരുദ്ധമായ ബില്ലിനു നിരപരാധികം പിന്തുണ നല്‍കിയ പ്രതിപക്ഷവും ഇപ്പോള്‍ വെട്ടിലായിരിക്കുകയാണ്‌. മുമ്പ്‌ പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്‍ രാഷ്ട്രപതി ഇതുപോലെ തടഞ്ഞിരുന്നു. ഇക്കാര്യം പിന്നീട്‌ നിയമസഭയില്‍ റിപ്പോര്‍ട്ട്‌ ചെയ്യുകയും ബില്‍ ഇല്ലാതാവുകയും ചെയ്‌തിരുന്നു.