Breaking News

Trending right now:
Description
 
Apr 08, 2018

ചോദ്യക്കടലാസ്‌ ചോര്‍ച്ച: മൂന്നുപേര്‍കൂടി അറസ്റ്റില്‍

image സിബിഎസ്‌ഇ പന്ത്രണ്ടാംക്ലാസ്‌ ഇക്കണോമിക്‌സ്‌ പരീക്ഷാ ചോദ്യക്കടലാസ്‌ ചോര്‍ന്ന സംഭവത്തില്‍ ഹിമാചല്‍ പ്രദേശിലെ ഉന ജില്ലയിലെ ഡിഎവി സ്‌കൂളിലെ മൂന്നു ജീവനക്കാരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റു ചെയ്‌തു. ഇക്കണോമിക്‌സ്‌ അധ്യാപകന്‍ രാകേഷ്‌ കുമാര്‍, ക്ലാര്‍ക്ക്‌ അമിത്‌ ശര്‍മ, പ്യൂണ്‍ അശോക്‌ കുമാര്‍ എന്നിവരെയാണ്‌ അറസ്‌റ്റു ചെയ്‌തത്‌. പരീക്ഷയുടെ മൂന്നുദിവസം മുമ്പ്‌ മാര്‍ച്ച്‌ 23ന്‌ ചോദ്യപേപ്പര്‍ ഇവര്‍ ചോര്‍ത്തിയതായി കണ്ടെത്തി. 40 വാട്‌സ്‌ ആപ്‌ ഗ്രൂപ്പുകളിലായി നൂറുകണക്കിന്‌ വിദ്യാര്‍ഥികള്‍ക്ക്‌ ചോദ്യങ്ങള്‍ മുന്‍കൂറായി ലഭിക്കുകയും ചെയ്‌തു. സിബിഎസ്‌ഇ പരീക്ഷ നടന്ന ഉനയിലെ ജവാഹര്‍ നവോദയ പബ്ലിക്‌ സ്‌കൂളിലെ പരീക്ഷാകേന്ദ്രംചുമതലക്കാരനായിരുന്നു രാകേഷ്‌ കുമാര്‍. മാര്‍ച്ച്‌ 23ന്‌ ഉനയിലെ യൂണിയന്‍ ബാങ്കിന്റെ സ്‌ട്രോംഗ്‌ റൂമില്‍ സൂക്ഷിച്ചിരുന്ന അന്നു നടക്കേണ്ട കംപ്യൂട്ടര്‍ സയന്‍സ്‌ പരീക്ഷയുടെ ചോദ്യക്കടലാസ്‌ രാകേഷ്‌കുമാറാണ്‌ എടുത്തത്‌. അക്കൂട്ടത്തില്‍ 26നു നടക്കേണ്ട ഇക്കണോമിക്‌സ്‌ പരീക്ഷയുടെ ചോദ്യക്കടലാസ്‌ തന്ത്രപരമായി ഇയാള്‍ കൈക്കലാക്കി. ഈ ചോദ്യക്കടലാസ്‌ തന്റെ സഹായികളായ അമിത്‌ ശര്‍മയ്‌ക്കും അശോക്‌ കുമാറിനും രാകേഷ്‌ കുമാര്‍ കൈമാറുകയായിരുന്നുവെന്നാണ്‌ അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട്‌. സഹായികള്‍ ചോദ്യക്കടലാസിന്റെ പകര്‍പ്പെടുത്ത്‌ രാകേഷിനു വാട്‌സാപ്പില്‍ അയച്ചുകൊടുത്തു. രാകേഷ്‌ ട്യൂഷന്‍ എടുത്തിരുന്ന ഒരുകുട്ടിയെക്കൊണ്ടാണ്‌ ഇതു പിന്നീട്‌ കൈയക്ഷരത്തില്‍ എഴുതിച്ചത്‌. തുടര്‍ന്ന്‌ ചണ്ഡീഗഡില്‍ പരീക്ഷയെഴുതുന്ന തന്റെ ബന്ധുവിന്റെ മകനു കൈമാറി. ഈ ചോദ്യക്കടലാസാണ്‌ വാട്‌സാപ്പ്‌ ഗ്രൂപ്പുവഴി പലരിലേക്കും എത്തിയത്‌.