Breaking News

Trending right now:
Description
 
Apr 07, 2018

ഭാരോദ്വഹനത്തില്‍ ഇന്ത്യ മെഡല്‍വേട്ട തുടരുന്നു; ശിവലിംഗത്തിനു സ്വര്‍ണം

image ഓസ്‌ട്രേലിയയിലെ ഗോള്‍ഡ്‌ കോസ്‌റ്റ്‌ കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ ഭാരോദ്വഹനത്തില്‍ ഇന്ത്യ മെഡല്‍വേട്ട തുടരുന്നു. പുരുഷന്മാരുടെ 77 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഇന്ത്യയ്‌ക്കായി സതീഷ്‌ കുമാര്‍ ശിവലിംഗമാണ്‌ മൂന്നാംദിനത്തില്‍ സ്വര്‍ണം നേടിയത്‌. ഇരുപത്തിയഞ്ചുകാരനാണ്‌ ഈ ചുണക്കുട്ടന്‍. ഗെയിംസില്‍ ഇതോടെ ഇന്ത്യയുടെ മെഡല്‍നേട്ടം അഞ്ചായി. മൂന്നു സ്വര്‍ണം, ഒരു വെള്ളി, ഒരു വെങ്കലം എന്നിങ്ങനെയാണ്‌ മെഡല്‍നില. ഇന്ത്യ നേടിയ അഞ്ചുമെഡലും ഭാരോദ്വഹനത്തില്‍നിന്നാണ്‌. മീരാഭായ്‌ ചാനു, സഞ്‌ജിത ചാനു എന്നിവര്‍ കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണം നേടിയിരുന്നു. മണിപ്പൂര്‍ സ്വദേശിനികളാണ്‌ ഇരുവരും. വെള്ളിയാഴ്‌ച പുരുഷന്മാരടെ 69 കിലോഗ്രാം വിഭാഗത്തില്‍ ഹരിയാനയില്‍നിന്നുള്ള പതിനെട്ടുകാരന്‍ ദീപക്‌ ലാതര്‍ വെങ്കലം നേടി. ഭാരോദ്വഹനത്തില്‍ മെഡല്‍ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കോര്‍ഡും ദീപക്‌ ലാതറിനാണ്‌. മൂന്നുവര്‍ഷം മുമ്പ്‌ പതിനഞ്ചാംവയസില്‍ പുരുഷന്മാരുടെ 62 കിലോഗ്രാം വിഭാഗത്തില്‍ ദേശീയ റെക്കോര്‍ഡിട്ടയാളാണ്‌ ദീപക്‌ ലാതര്‍. ആദ്യദിനം ഗുരുരാജയ്‌ക്കാണ്‌ വെള്ളി മെഡല്‍ ലഭിച്ചത്‌. ഇന്നു നടക്കുന്ന ബാഡ്‌മിന്റന്‍ മിക്‌സഡ്‌ ടീം ക്വാര്‍ട്ടറില്‍ ഇന്ത്യ മൗറീഷ്യസിനെ നേരിടും. വിജയിച്ചാല്‍ മെഡല്‍ ഉറപ്പിക്കാം. സ്‌ക്വാഷില്‍ ജോഷ്‌ന ചിന്നപ്പയുടെ ക്വാര്‍ട്ടര്‍ മത്സരവും ഇന്നാണ്‌. ബോക്‌സിങില്‍ മനോജ്‌ കുമാറും സരിതാ ദേവിയും പ്രീക്വാര്‍ട്ടര്‍ മത്സരത്തിനിറങ്ങും.